കൊച്ചി: ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. ട്രാൻസ്ജെൻഡർ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അനുകൂല ഉത്തരവ്.
കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതിമാരായ സഹദും സിയയും ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് നിർണായക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ’ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്.
2023 ഫെബ്രുവരിയിലാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.കുഞ്ഞ് ജനിച്ചതിന് ശേഷം കോഴിക്കോട് കോർപ്പറേഷൻ നൽകിയ ജനന സർട്ടിഫിക്കേറ്റാണ് രണ്ട് വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിലേക്ക് നീങ്ങിയത്. ജനന സർട്ടിഫിക്കേറ്റിൽ പിതാവിന്റെ പേര് സിയ പാവൽ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.എന്നാൽ അച്ഛന്റെയും അമ്മയുടേയും പേരുകൾ പ്രത്യേകം പരാമർശിക്കരുതെന്നാവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാനത്തെ ആദ്യ ട്രാൻസ് മാതാപിതാക്കളാണ് സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിക്കുന്ന സഹദും പുരുഷനായി ജനിച്ച്, സ്ത്രീയായി ജീവിക്കുന്ന സിയയും. സഹദ് ആണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ പ്രസവിച്ചത് സഹദ് ആണെങ്കിലും, പുരുഷനായി ജീവിക്കുന്ന സഹദിന്റെ പേര് അച്ഛന്റെ സ്ഥാനത്ത് നൽകാനാണ് ആഗ്രഹിക്കുന്നത് എന്ന് സിയ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ നേരെ തിരിച്ചായിരുന്നു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി വന്നത് .















