കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂരിനുപിന്നാലെ പാക് വിരുദ്ധ പോസ്റ്റ് പങ്കുവച്ചതിന് അറസ്റ്റിലായ നിയമ വിദ്യാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശർമിഷ്ഠ പാനോലിയെ പാർപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് പരാതി. ആലിപോരിലെ വനിതാ കറക്ഷണൽ ഹോമിലാണ് ശർമിഷയെ പാർപ്പിച്ചിരിക്കുന്നത്. 22 കാരിയായ ശർമിഷ്ഠ പനോലി തന്റെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു.
കിഡ്‌നി സ്റ്റോൺ അസുഖ ബാധിതയായ ശർമിഷ്ഠയ്‌ക്ക് വൃത്തിഹീനമായ സെല്ലിലാണ് കഴിയേണ്ടി വരുന്നതെന്നും അവർക്ക് പത്രങ്ങളും മാസികകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾപോലും നൽകുന്നില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.
“ആലിപോർ വനിതാ തിരുത്തൽ ഹോമിൽ, വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. അവർ അസുഖ ബാധിതയാണ്. കിഡ്നി സ്റ്റോൺ ഉണ്ട്. പത്രങ്ങളും മാസികകളും അവർക്ക് ലഭ്യമാകുന്നില്ല. ഇന്ന്, ശർമിഷ്ഠയുടെ അടിസ്ഥാന അവകാശങ്ങൾ ലഭ്യമാക്കുന്നതിനായി ഞങ്ങൾ കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിട്ടുണ്ട്… ശർമിഷ്ഠ നിരപരാധിയാണ്. ജാമ്യം ലഭിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു,” അഭിഭാഷകൻ എംഡി സമിമുദ്ദീൻ പറഞ്ഞു.
അതേസമയം ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുടെ അറസ്റ്റിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ബിജെപി അടക്കമുള്ള രാഷ്‌ട്രീയപാർട്ടികൾ ശർമിഷ്ഠയെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്ത ബംഗാൾ സർക്കാരിനെതിരെ രംഗത്തുവന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ബോളിവുഡ് നടന്മാർ മൗനം പാലിച്ചുവെന്ന് ആരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ശർമിഷ്ഠയെ അറസ്റ്റ് ചെയ്തതെന്നാണ് ബംഗാൾ പൊലീസിന്റെ വാദം.















