ന്യൂഡെല്‍ഹി: യുഎസ് ഇവി വമ്പനായ ടെസ്‌ല തങ്ങളുടെ കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്ഡി കുമാരസ്വാമി. നിലവില്‍ രാജ്യത്ത് ഷോറൂമുകള്‍ തുറക്കുന്നതില്‍ മാത്രമാണ് യുഎസ് കമ്പനിക്ക് താല്‍പ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആഗോള കാര്‍ നിര്‍മ്മാതാക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുതിയ ഇലക്ട്രിക് വാഹന (ഇവി) നയം പ്രഖ്യാപിച്ചിരുന്നു.
ഇവി നയം
ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയുടെ പുതിയ ഇവി നയം, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരായ വിദേശ വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള ഇറക്കുമതി നികുതി ഗണ്യമായി കുറയ്‌ക്കും. പ്രാദേശിക ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ടെസ്‌ല പോലുള്ള കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു നയത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ നയം അനുസരിച്ച്, ഇന്ത്യയില്‍ ഇവികള്‍ നിര്‍മ്മിക്കുന്നതിന് കുറഞ്ഞത് 4,000 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് 15% ഇറക്കുമതി നികുതിയില്‍ പരിമിതമായ എണ്ണം ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭിക്കും. നിലവില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകളുടെ തീരുവ 70% വരെയാണ്.
ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുകയും അനുമതി ലഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ആരംഭിക്കുകയും വേണം. ഈ നീക്കം പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഇവികള്‍ വാങ്ങാന്‍ അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
മെഴ്‌സിഡസും ഫോക്‌സ്‌വാഗണും
ടെസ്‌ല പിന്നോട്ടടിക്കുമ്പോള്‍ ആഗോള കമ്പനികളായ മെഴ്‌സിഡസ് ബെന്‍സ്, ഫോക്‌സ്‌വാഗണ്‍ എന്നിവ ഇന്ത്യയുടെ ഇവി നയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ പുതിയ പദ്ധതിക്ക് കീഴിലുള്ള സാധ്യതകള്‍ അന്വേഷിക്കുകയാണെന്നും പ്രാദേശിക ഉല്‍പ്പാദനത്തിന് തയാറായേക്കുമെന്നും മന്ത്രി കുമാരസ്വാമി പറയുന്നു.
ടാറ്റയും മഹീന്ദ്രയും
ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ രാജ്യത്ത് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ആഭ്യന്തര ഇവി വിപണിയെ നയിക്കുന്ന ഈ കമ്പനികള്‍ വിദേശ കാര്‍ നിര്‍മ്മാതാക്കള്‍ക്കുള്ള തീരുവ വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ രംഗത്തുണ്ട്. പ്രാദേശിക വ്യവസായങ്ങളെ നയം ദോഷകരമായി ബാധിക്കുമെന്ന് ഈ കമ്പനികള്‍ വാദിക്കുന്നു.
ഇന്ത്യയുടെ മൊത്തം കാര്‍ വില്‍പ്പനയുടെ 2.5% മാത്രമാണ് ഇവികള്‍. 2024ല്‍ 4.3 ദശലക്ഷം കാറുകള്‍ വിറ്റഴിച്ചതില്‍ 1.1 ലക്ഷം കാറുകള്‍ മാത്രമായിരുന്നു ഇവി. അന്തരീക്ഷ മലിനീകരണവും ഇന്ധന ഇറക്കുമതിയും കുറയ്‌ക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി 2030 ഓടെ ആകെ വാഹനങ്ങളില്‍ ഇവികളുടെ വിഹിതം 30% ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.
ടെസ്‌ലയുടെ ഭാവി
നിരവധി വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ടെസ്‌ല താല്‍പ്പര്യം പ്രകടിപ്പിച്ചു വന്നിരുന്നു. ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് കമ്പനിക്ക് തിരിച്ചടിയായിരുന്നത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയിലെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
ഗവണ്‍മെന്റിന്റെ പുതിയ നയം ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെങ്കിലും ഈ ഘട്ടത്തില്‍ പ്രാദേശിക ഉല്‍പാദനത്തില്‍ നിക്ഷേപം നടത്താന്‍ ടെസ്‌ല തയ്യാറല്ല. പകരം ഷോറൂമുകള്‍ തുറക്കുന്നതിലും ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ വില്‍ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതി. എന്നിരുന്നാലും ടാറ്റ, മഹീന്ദ്ര തുടങ്ങിയ പ്രാദേശിക കമ്പനികളുമായി വിലയില്‍ മത്സരിക്കാന്‍ ടെസ്ല പാടുപെടും.















