ചണ്ഡീഗഡ്: സൈനിക നീക്കങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്കും ഖാലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയ്‌ക്കും ചോർത്തി നൽകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ഗഗൻദീപ് സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. സൈനിക നീക്കങ്ങളും മറ്റ് നിർണായക വിവരങ്ങളും വർഷങ്ങളായി ഇയാൾ പാക് ഏജന്റുമാരുമായി പങ്കുവച്ചിരുന്നതായാണ് വിവരം.
അറസ്റ്റിലായ പ്രതിയിൽ നിന്നുമാണ് ഖാലിസ്ഥാൻ ഭീകരിനിലേക്ക് അന്വേഷണമെത്തിയത്. ദേശീയ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ പ്രതി സൈനിക വിന്യാസങ്ങളുടെയും തന്ത്രപ്രധാനമായ സ്ഥലങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്ന് പൊലീസ് പറയുന്നു.
“പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയുമായി കഴിഞ്ഞ അഞ്ച് വർഷമായി ഗഗൻദീപ് സിംഗ് ബന്ധപ്പെട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഗോപാൽ സിംഗ് ചൗളയാണ് പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളെ (പിഐഒകൾ) പ്രതിക്ക് പരിചയപ്പെടുത്തിയത്,” പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, ഇയാളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്ന് പാകിസ്ഥാൻ ഏജന്റുമാരുമായുള്ള ആശയവിനിമയം കണ്ടെത്തിയിട്ടുണ്ട്. 20 ലധികം ഐഎസ്‌ഐ ഏജന്റുമാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു.















