ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയില്‍ ഇടം നേടി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 23ാം സ്ഥാനത്ത്.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏറ്റവും മൂല്യമേറിയ ആഗോള ടെക് കമ്പനികളുടെ സവിശേഷ പട്ടികയില്‍ ഇടം നേടി ശതകോടീശ്വര സംരംഭകനായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ടോപ് 30 ആഗോള ടെക്‌നോളജി കമ്പനികളുടെ പട്ടികയിലാണ് റിലയന്‍സ് സ്ഥാനം പിടിച്ചിരിക്കുന്നത്. ‘ട്രെന്‍ഡ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ എന്ന ആഗോള റിപ്പോര്‍ട്ടിലാണ് മൂല്യമേറിയ കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടേക്‌നോളജി അതിവേഗത്തില്‍ സ്വാംശീകരിക്കുകയും എഐ ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളെ, അവയുടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്തിരിക്കുന്നത്.
ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്നത് മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആപ്പിള്‍, ആമസോണ്‍, ആല്‍ഫബെറ്റ്, മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ്ല, ബ്രോഡ് കോം തുടങ്ങിയ യുഎസ് ടെക്‌നോളജി കമ്പനികളാണ്. തായ് വാന്റെ സെമി കണ്ടക്റ്റര്‍ കമ്പനിയായ ടിഎസ്എംസിയാണ് തുടര്‍ന്നുള്ള സ്ഥാനത്ത് വരുന്നത്. ലോകത്തിലെ ഏറ്റവും ഇന്നവേറ്റീവായ സെമികണ്ടക്ടറുകളുടെ 80-90 ശതമാനവും ആഗോള സെമികണ്ടക്ടറുകളുടെ 62 ശതമാനവും നിര്‍മിക്കുന്നത് ടിഎസ്എംസിയാണ്. ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയ ടെക് കമ്പനിയായ ടെന്‍സന്റാണ് പത്താം സ്ഥാനത്ത്. 216 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 23ാം റാങ്കാണ് കരസ്ഥമാക്കിയിരിക്കുന്നത്.
1995 മുതല്‍ 2025 വരെയുള്ള 30 വര്‍ഷക്കാലയളവിനുള്ളില്‍ കേവലം 5 കമ്പനികള്‍ക്ക് മാത്രമേ ടോപ് 30 പട്ടികയില്‍ സ്ഥിരമായി സ്ഥാനംപിടിക്കാന്‍ സാധിച്ചിട്ടുള്ളൂ. മൈക്രോസോഫ്റ്റ്, ഓറക്കിള്‍, സിസ്‌കോ, ഐബിഎം, എടിആന്‍ഡ് ടി എന്നിവരാണ് ആ സവിശേഷ ലീഗിലുള്ളത്.
പട്ടികയില്‍ ആദ്യമായാണ് എന്‍വിഡിയ, ആപ്പിള്‍, ആമസോണ്‍, ആല്‍ഫബെറ്റ്, മെറ്റ, ടെസ്ല, ആലിബാബ, സെയ്ല്‍സ്‌ഫോഴ്‌സ്, ചൈന മൊബൈല്‍ എന്നിവര്‍ സ്ഥാനം പിടിക്കുന്നത്. ഇവര്‍ക്കൊപ്പം ഇടം നേടാന്‍ സാധിച്ചു എന്നതാണ് റിലയന്‍സിന്റെ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്.
1995ലെ കണക്കനുസരിച്ച് ഏറ്റവും മൂല്യവത്തായ ടെക് കമ്പനികളില്‍ 53 ശതമാനവും (30ല്‍ 16) സംഭാവന ചെയ്തത് അമേരിക്ക ആയിരുന്നു. 2025ല്‍ ഇത് 70 ശതമാനത്തി (30ല്‍ 21) ലേക്ക് എത്തി. 1995ല്‍ മികച്ച ടെക് കമ്പനികളില്‍ 30 ശതമാനം വിഹിതമുണ്ടായിരുന്ന ജപ്പാന്‍ 2025ല്‍ പട്ടികയില്‍ നിന്ന് പുറത്തായി. യുകെ, സിംഗപ്പൂര്‍, ഹോങ്കോംഗ്, മെക്‌സിക്കോ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കമ്പനികള്‍ വീതം 1995ല്‍ പട്ടികയില്‍ ഇടം നേടിയിരുന്നെങ്കിലും ഈ വര്‍ഷം അവരുടെയെല്ലാം അക്കൗണ്ട് പൂജ്യമാണ്.