ബെംഗളൂരു : ‘തഗ് ലൈഫ്’ എന്ന സിനിമയുടെ നിർമ്മാതാക്കൾ സംസ്ഥാനത്ത് സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി കമലിന്റെ അഭിഭാഷകർ കർണാടക ഹൈക്കോടതിയെ അറിയിച്ചു.ഫിലിം ചേംബറുമായി ചർച്ച നടത്താൻ നിർമ്മാതാക്കൾ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി ജൂൺ 10 ലേക്ക് മാറ്റിവയ്‌ക്കാൻ കോടതി ഉത്തരവിട്ടു.
എന്തുതന്നെയായാലും താന്‍ മാപ്പ് പറയില്ലെന്ന് കമല്‍ പറഞ്ഞിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, മാപ്പ് പറയില്ലെന്നും, തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാഷ്‌ട്രീയ അജണ്ടയോടെയാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കന്നഡ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും പറഞ്ഞിരുന്നു.
ഇന്ന് രാവിലെ (മെയ് 03) ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്ന നടനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഏറ്റവുമൊടുവിൽ വിവാദം തണുപ്പിക്കാനായി കന്നഡിഗരെ പുകഴ്‌ത്തിക്കൊണ്ട് കമൽഹാസൻ കന്നഡ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രെസിഡന്റ് നരസിംഹലുവിന് കത്തെഴുതിയിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞുള്ള വാദം കേൾക്കലിൽ, കമലിന്റെ അഭിഭാഷകർ കമൽഹാസൻ ഇന്ന് ഫിലിം ചേംബറിന് എഴുതിയ കത്ത് വായിച്ചു. തമിഴിനെപ്പോലെ, കന്നഡയും സമ്പന്നമായ ഒരു ഭാഷയാണ്… കന്നഡിഗരുടെ ഭാഷയോടുള്ള സ്നേഹത്തിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ ഭാഷകൾക്കും തുല്യത വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.
കെ.എഫ്.സി.സിക്ക് മുമ്പാകെ സമർപ്പിച്ച പ്രസ്താവനയിൽ “എല്ലാം ശരിയാണ്, പക്ഷേ ഇതിനോട് ഒരു വാക്ക് കൂടി ചേർക്കണം’, “ഒരു വാചകം (ക്ഷമാപണം) കാണുന്നില്ല” എന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
” ഇതിൽ ക്ഷമാപണമില്ല. നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആയിക്കോട്ടെ, നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ കഴിയില്ല. ഈ രാജ്യത്തിന്റെ വിഭജനം ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരം പ്രസ്താവനകൾ നടത്താൻ കഴിയില്ല. അതുമൂലം സംഭവിച്ചത് അശാന്തിയും ഐക്യരാഹിത്യവുമാണ്. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വരുന്നത് “. കോടതി പറഞ്ഞു.















