ന്യൂഡൽഹി: ക്ലാസ്റൂം നിർമാണത്തിൽ അഴിമതി നടത്തിയ ആംആദ്മിപാർട്ടി നേതാക്കളായ മനീഷ് സിസോദിയയ്ക്കും സത്യേന്ദർ ജെയിനും സമൻസ്. ഡൽഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ച്(ACB) ആണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ജൂൺ ഒമ്പതിന് സിസോദിയയോടും ജൂൺ ആറിന് സത്യേന്ദർ ജെയിനിനോടും ചോദ്യം ചെയ്യലിന് എത്തണമെന്ന് അന്വേഷണസംഘം നിർദേശിച്ചു.
കെജ്രിവാൾ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നിരുന്നത്. എഎപി സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു സത്യേന്ദർ ജെയ്ൻ. ക്ലാസുറൂമിന്റെ നിർമാണത്തിൽ വലിയ തോതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഡൽഹിയിലുടനീളം ഏകദേശം 12,748 ക്ലാസ്മുറികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. ചെലവ് വർദ്ധിപ്പിച്ച് കാണിച്ചാണ് സാമ്പത്തിക ക്രമക്കേട് നടത്തിയത്. 2,000 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്ലാസ്മുറികൾ ഓരോന്നും 24. 86 ലക്ഷം രൂപയ്‌ക്ക് നിർമിച്ചതായാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് സാധാരണ നിർമാണ ചെലവിനേക്കാൾ അഞ്ചിരട്ടിയാണ്. 34 കരാറുകാർക്കാണ് പദ്ധതി നടത്തിപ്പിന് അനുമതി നൽകിയിരുന്നത്. ഇതിൽ ഭൂരിഭാഗവും ആംആദ്മി പാർട്ടി പ്രവർത്തകരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് ഫണ്ടിൽ നിന്നും അധികപണം ഉപയോഗിക്കേണ്ടി വന്നതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്.