ബെംഗളൂരു: കർണാടക സർക്കാർ ഹിന്ദുക്കളെ ലക്ഷ്യം വയ്‌ക്കുന്നതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചു.
“സംസ്ഥാന സർക്കാർ ഹിന്ദുക്കളെ ലക്ഷ്യം വച്ചിരിക്കുകയാണ്, ദക്ഷിണ കന്നഡയിലെ ഹിന്ദു നേതാക്കൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഈ ടാസ്‌ക് ഫോഴ്‌സ് വർഗീയതയ്‌ക്കെതിരെയല്ല, മറിച്ച് ഹിന്ദുക്കൾക്കെതിരെ” യാണെന്ന് അദ്ദേഹം പറഞ്ഞു.
“ദക്ഷിണ കന്നഡയിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി, പുതിയവരെ നിയമിച്ചു. സംഭവങ്ങൾ നടന്ന് വളരെക്കാലത്തിനു ശേഷമാണ് ഈ ഉദ്യോഗസ്ഥർ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ഹിന്ദു പ്രവർത്തകർക്കെതിരെ അവർ കേസുകൾ ഫയൽ ചെയ്യുന്നു. ഇത് ഇങ്ങനെ തുടർന്നാൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു”, അദ്ദേഹം പറഞ്ഞു.
കന്നഡ ഭാഷ തമിഴിൽ നിന്നാണ് വന്നതെന്ന് പറഞ്ഞതിന് കമൽഹാസനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കമൽഹാസന്റെ ഒരു സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്നഡയുടെ കാര്യത്തിൽ എല്ലാവരും വ്യക്തമായ ധാരണ പുലർത്തണം. എല്ലാ കന്നഡ കലാകാരന്മാരും കന്നഡയ്‌ക്ക് അനുകൂലമായി സംസാരിക്കണമെന്ന് ആർ. അശോക് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രണാതീതമായെന്ന് കർണാടക ലെജിസ്ളേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി പറഞ്ഞു. കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വർദ്ധിച്ചു. കോൺഗ്രസ് സർക്കാർ ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് നടത്തുന്നത്, അദ്ദേഹം ആരോപിച്ചു.
മംഗളൂരുവിൽ മുസ്ലീം സംഘടനകളും നേതാക്കളും സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്, അങ്ങനെ അവരുടെ സമ്മർദ്ദത്തിന് വഴങ്ങി ഹിന്ദു പ്രവർത്തകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. ഹിന്ദു പ്രവർത്തകരെ നാടുകടത്തുന്നു. ഹിന്ദുത്വ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.















