ഭോപ്പാൽ: പരിസ്ഥിതിദിനം ആചരിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്ക് പകരം കളിമണ്ണിൽ നിർമിച്ച ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്. ഹൈന്ദവസമൂഹത്തിന്റെ ദീപാവലി, ഗണേശ ചതുർത്ഥി, ഹോളി തുടങ്ങിയവ പരിസ്ഥിതി സൗഹൃദപരമായി ആഘോഷിക്കാൻ കഴിയുമെങ്കിൽ ബക്രീദും അങ്ങനെ തന്നെ ആഘോഷിക്കണമെന്ന് സംസ്‌കൃതി ബച്ചാവോ മഞ്ച് അംഗങ്ങൾ പറഞ്ഞു.
സംസ്കൃതി ബച്ചാവോ മഞ്ച് കഴിഞ്ഞ നാല് വർഷമായി ഇത്തരത്തിൽ കളിമണ്ണിൽ ആടുകളെ നിർമിക്കുന്നുണ്ട്. ആയിരം രൂപയാണ് ഒരു ആടിന് വില കണക്കാക്കുന്നത്. ആടിനെ ബലിയർപ്പിച്ചാൽ ഉണ്ടാകുന്ന രക്തക്കറ കഴുകി കളയാൻ മാത്രം ആയിരക്കണക്കിന് ഗാലൻ വെള്ളം വേണ്ടിവരുമെന്ന് സംഘടനയുടെ കൺവീനർ ചന്ദ്രശേഖർ തിവാരി പറഞ്ഞു.
രാജ്യത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തിവരുന്നുണ്ട്. ഇക്കാര്യം മുസ്ലീം സമൂഹത്തിന്റെ മുതിർന്ന നേതാവിനെ അറിയിച്ചു. എന്നാൽ അത് തള്ളിക്കളയുകയാണ് അവർ ചെയ്തത്. ഇതിൽ വിവാദങ്ങൾ നടത്തേണ്ട കാര്യമില്ല. അക്രമം നടത്താൻ അനുവദിക്കരുത്. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം. അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന വ്യക്തമാക്കി.















