തിരുവനന്തപുരം: വ്യാജ പരാതിയിൽ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം പാലോടാണ് സംഭവം. ഇടിഞ്ഞാർ സ്വദേശിയായ സന്ദീപിനെയാണ് പൊലീസ് മർദ്ദിച്ചത്. പാലോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.
തെറി പറഞ്ഞെന്ന് ആരോപിച്ചാണ് പൊലീസ് തന്നെ മർദ്ദിച്ചതെന്ന് സന്ദീപ് ജനംടിവിയോട് പറഞ്ഞു. “ഞാനും എന്റെ ഭാര്യയും വഴക്കിട്ടിരുന്നപ്പോഴാണ് പൊലീസ് കയറിവന്നത്. എനിക്കെതിരെ പരാതി കൊടുത്തവരുമായാണ് പൊലീസ് എത്തിയത്. എന്നിട്ട് എന്നോട് മാപ്പ് പറയാൻ പൊലീസ് നിർബന്ധിച്ചു. ഞാൻ ആരെയും ചീത്ത വിളിച്ചിട്ടില്ല അതുകൊണ്ട് മാപ്പ് പറയാൻ പറ്റില്ലെന്ന് പറഞ്ഞു. ആരോടും ഒന്നും ചോദിക്കാതെയാണ് അവർ എന്നെ വിളിച്ചുകൊണ്ടുപോയത്”.
യൂണിഫോം ഇടാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് എന്നെ മർദ്ദിച്ചത്. ഷർട്ടെല്ലാം അവർ വലിച്ചുകീറി. എന്നെ ഒരുപാട് അടിച്ചു. വെറൊരു മുറിയിലേക്ക് കൊണ്ടുപോയാണ് അവർ മർദ്ദിച്ചതെന്നും സന്ദീപ് പറഞ്ഞു.















