കോഴിക്കോട്: താമരശേരിയിൽ ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസുകാരന്റെ ക്രൂരമർദ്ദനം. പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് 14-കാരനെ മർദ്ദിച്ചത്. സംഭവത്തിൽ ആരോപണവിധേയരായ നാല് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.
15-ഓളം വിദ്യാർത്ഥികളാണ് കുട്ടിയെ തല്ലിച്ചതച്ചത്. നിലത്തുവീണ കുട്ടിയെ നിർത്താതെ മർദ്ദിക്കുകയായിരുന്നു. പ്രകോപനം ഒന്നുമില്ലാതെയായിരുന്നു വിദ്യാർത്ഥികളുടെ ആക്രമണം. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ തലയ്‌ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സ്കൂളിലെ അദ്ധ്യാപകർക്ക് നേരെയും കുട്ടിയുടെ മാതാപിതാക്കൾ രംഗത്തുവന്നു. ഇത്രയും വലിയൊരു ഗുരുതര പ്രശ്നമുണ്ടായിട്ടും അദ്ധ്യാപകർ ഗൗരവത്തോടെ എടുത്തില്ലെന്നും സംഭവം നടന്നതിന് ശേഷം വൈകിയാണ് തങ്ങളെ വിവരമറിയിച്ചതെന്നും മാതാപിതാക്കൾ ആരോപിച്ചു.















