ന്യൂഡെല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 74,945 കോടി രൂപ നികുതിയായി അടച്ച് അദാനി ഗ്രൂപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29% വര്‍ദ്ധനയാണ് കമ്പനിയുടെ നികുതി അടവില്‍ ഉണ്ടായിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 58,104 കോടി രൂപയാണ് അദാനി ഗ്രൂപ്പ് നികുതിയായി അടച്ചത്.
ജീവനക്കാരുടെ സാമൂഹിക സുരക്ഷയ്‌ക്കായി നല്‍കിയ പേമെന്റുകളും പ്രത്യക്ഷവും പരോക്ഷവുമായ നികുതികളും ഉള്‍പ്പെടുന്നതാണ് ഈ വമ്പന്‍ നികുതി തുക. മുംബൈ മെട്രോ റെയിലിന്റെ ആകെ നിര്‍മാണ ചെലവിനേക്കാളും ഒരു ഒളിംപിക്‌സ് സംഘടിപ്പിക്കാനാവശ്യമായ തുകയേക്കാളും അധികം പണമാണ് രാജ്യത്തിന് നികുതിയായി നല്‍കിയതെന്ന് കമ്പനി അവകാശപ്പെട്ടു.
മൊത്തം നികുതിയില്‍ 28,720 കോടി രൂപ പ്രത്യക്ഷ നികുതികളും 45,407 കോടി രൂപ പരോക്ഷ നികുതികളുമാണ്. 818 കോടി രൂപയാണ് മറ്റിനങ്ങളില്‍ നികുതിയായി നല്‍കിയത്.
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി സിമന്റ് ലിമിറ്റഡ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളാണ് ഏറ്റവുമധികം നികുതി നല്‍കിയത്. അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, അംബുജ സിമന്റ്‌സ് ലിമിറ്റഡ്, പ്രാഥമിക സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എന്‍ഡിടിവി, എസിസി, സാംഘി ഇന്‍ഡസ്ട്രീസ് എന്നിവയുടെ നികുതികളും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു.