ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ മെയിൻ ബോഡി ഇനി ടാറ്റ നിർമിക്കും. ദസാൾട്ട് ഏവിയേഷനും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് നാലു കരാറുകൾ ഒപ്പുവച്ചു. ഫ്രാൻസിന് പുറത്ത് റഫാൽ യുദ്ധവിമാനങ്ങളുടെ ഫ്യൂസ്ലേജുകൾ നിർമ്മിക്കുന്നത് ഇതാദ്യമായാണ്.
രാജ്യത്തിന്റെ എയ്‌റോസ്‌പേസ് നിർമ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിനും ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും പ്രസ്തുത കരാർ. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റിന്റെ കഴിവുകളിൽ വിശ്വാസമുണ്ടെന്ന് ദസാൾട്ട് ഏവിയേഷന്റെ ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ പറഞ്ഞു.
2028 സാമ്പത്തിക വർഷത്തിൽ ആദ്യ ഫ്യൂസ്ലേജ് പുറത്തിങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം രണ്ട് ഫ്യൂസ്ലേജ് നിർമിക്കാനാണ് നിലവിലെ പദ്ധതി.