മുംബൈ: ഐഫോണുകളുടെയും മാക്ബുക്കുകളുടെയും ഇന്ത്യയിലെ വില്‍പ്പനാനന്തര അറ്റകുറ്റപ്പണികള്‍ക്ക് ടാറ്റ ഗ്രൂപ്പിനെ ചുമതലപ്പെടുത്തി ആപ്പിള്‍. ചൈനയില്‍ നിന്ന് ഉല്‍പ്പാദനം ഗണ്യമായി ഇന്ത്യയിലേക്ക് മാറ്റുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാറ്റ ഗ്രൂപ്പുമായി ആപ്പിള്‍ സഹകരണം ശക്തമാക്കുന്നത്. ഇതിനകം തന്നെ ആപ്പിളിന്റെ ഇന്ത്യയിലെ സുപ്രധാന കരാര്‍ നിര്‍മാതാക്കളായി ടാറ്റ ഗ്രൂപ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്.
തെക്കേ ഇന്ത്യയിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ടാറ്റ ഗ്രൂപ്പ് ആപ്പിള്‍ ഫോണുകളുടെ അസംബ്ലിംഗ് നടത്തുന്നത്. ചില ഐഫോണ്‍ ഘടകങ്ങളും ടാറ്റ ഇന്ത്യയില്‍ നിര്‍മിക്കാനാരംഭിച്ചിട്ടുണ്ട്.
തായ്‌വാന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണിന്റെ ഇന്ത്യന്‍ യൂണിറ്റായ ഐസിടി സര്‍വീസ് മാനേജ്‌മെന്റ് സൊല്യൂഷനില്‍ നിന്നാണ് ഐഫോണുകളുടെ അറ്റകുറ്റപ്പണികള്‍ ടാറ്റ ഏറ്റെടുക്കുക. കര്‍ണാടകയിലെ ടാറ്റയുടെ ഐഫോണ്‍ അസംബ്ലി സൗകര്യത്തിലായിരിക്കും അറ്റകുറ്റപ്പണികള്‍ നടത്തുക.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയിലെ ഫോണ്‍ റിപ്പയര്‍ വിപണിയും ഐഫോണ്‍ വില്‍പ്പന കുതിച്ചുയരുന്നതിനനുസരിച്ച് ഗണ്യമായ വളര്‍ച്ചയിലേക്ക് നീങ്ങുന്നുണ്ട്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് 2023 ല്‍ ഇന്ത്യയില്‍ ഏകദേശം 11 ദശലക്ഷം ഐഫോണുകള്‍ വിറ്റഴിക്കപ്പെട്ടു എന്നാണ്. ഇത് ആപ്പിളിന്റെ വിപണി വിഹിതം 2020ലെ 1% ല്‍ നിന്ന് 7% ലേക്ക് ഉയര്‍ത്തി.















