ബെംഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിംഗ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു കമ്മീഷണറെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. അപകടത്തിൽ മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
മുംബൈയിലേക്ക് പോകുന്നതിനിടെ ബെംഗളൂരുവിലെ കെമ്പെഗൗഡ വിമാനത്താവളത്തിൽ നിന്നാണ് മാർക്കറ്റിംഗ് ഉദ്യോഗസ്ഥനായ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആർസിബിയുടെ എല്ലാ പ്രമോഷൻ പരിപാടികളും കൈകാര്യം ചെയ്യുന്നത് നിഖിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ടീമിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെ ഇയാളാണ് കൈകാര്യം ചെയ്യുന്നത്. അറസ്റ്റിലായ ബാക്കിയുള്ളവർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളാണ്.
മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ആർസിബി ടീം, ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) എന്നിവയുടെ പ്രതിനിധികളെയും അറസ്റ്റ് ചെയ്യും.
കെഎസ് സിഎയിലെ രണ്ട് ഉദ്യോഗസ്ഥർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തിക്കിലും തിരക്കിലുംപെട്ട് 60 ഓളം പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.















