എറണാകുളം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ചരക്ക് കപ്പലായ എംഎസ്‌സി എൽഎസ്‌എ 3 ഉയർത്തുന്നതിൽ ആശങ്ക തുടരുന്നു. ഈ മാസം മൂന്നിന് നടപടികൾ ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആ വാക്ക് പാഴായി.
കഴിഞ്ഞമാസം 24-ന് കൊച്ചിയിൽ നിന്നും 33 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ കപ്പലിൽ 600 ലധികം കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം അറബിക്കടലിൽ മുങ്ങി. ഇവയിലുള്ള പ്ലാസ്റ്റിക് ഗ്രാനുലുകളും മറ്റ് മസ്തുക്കളും കേരളാ തീരത്ത് അടിയുകയും ചെയ്തു. നിരവധി കണ്ടെയ്‌നറുകൾ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നു.
സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 13 കണ്ടെയ്നറിൽ കാത്സ്യം കാർബൈഡ്, വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമാകാമെന്നും പറയപ്പെടുന്നു. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറിൽ തടി, 60 കണ്ടെയ്നറിൽ പോളിമർ അസംസ്കൃത വസ്തുക്കളാണുള്ളത്. 39 എണ്ണത്തിൽ തുണി നിർമാണത്തിനുള്ള പഞ്ഞിയെന്നും സർക്കാർ പറയുന്നു. ഇതെല്ലാം പലതും ആരോഗ്യ-പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ കടലിൽ മുങ്ങിയ കണ്ടെയ്നർ കപ്പലും മത്സ്യത്തൊഴിലാളികൾക്ക് പ്രശ്നമെന്നിരിക്കെ ഇവ നീക്കുന്നതിലെ ആശയക്കുഴപ്പവും ആശങ്കയും തുടരുന്നു.
അതേസമയം, കപ്പലിലുണ്ടായിരുന്ന രാസപദാർത്ഥങ്ങൾ കടലിൽ വ്യാപിച്ചാൽ ഗുരുതരപ്രശ്നങ്ങൾക്ക് വഴിവച്ചേക്കാനും സാധ്യത ഏറെയാണ്. ഇതും മത്സ്യത്തൊഴിലാളികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.