അഗളി: പനിബാധിച്ച ഒരു വയസുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ മുത്തച്ഛൻ അനിലിന്റെ പരാതിയിലാണ് അന്വേഷണം. കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച സംഭവിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളായ അരുൺ-സ്നേഹ ദമ്പതിമാരുടെ വീട്ടിലെത്തി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരൻ മൊഴി രേഖപ്പെടുത്തി.
കൂടാതെ ആശുപത്രിയിൽ കുഞ്ഞിന് അധിക ഡോസ് മരുന്ന് നൽകിയ ദിവസം ജോലിയിലുണ്ടായിരുന്ന ഡോക്ടറുടെയും നേഴ്‌സിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കുഞ്ഞിന് അപസ്മാരവും പനിയുമായി കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. അപസ്മാരത്തിനുളള ഗുളിക അഞ്ച് മില്ലിഗ്രാം നൽകാനാണ് ഡോക്ടർ നിർദേശിച്ചത്. എന്നാൽ ഫർമസിയിൽ നിന്നും നൽകിയത് 10 മില്ലിഗ്രാമായിരുന്നു. നേഴ്‌സിന്റെ നിർദേശപ്രകാരം ‘അമ്മ സ്നേഹ കുഞ്ഞിന് ഒരു ഗുളിക നൽകി.
എന്നാൽ മരുന്ന് നൽകിയയുടനെ കുഞ്ഞിന് ബോധം നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് ബോധം നഷ്ടപ്പെട്ടത് അധിക ഡോസ് നല്‍കിയതുകൊണ്ടാണെന്ന്തി തിരിച്ചറിയുന്നത്. അതേസമയം ഡിസ്ചാർജ് സർട്ടിഫിക്കറ്റിലും ഒരുവയസുള്ള കുഞ്ഞിന് പകരം 72 വയസുള്ള വൃദ്ധന്റെ റിപ്പോർട്ടാണ് നൽകിയതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാൻ കുടുംബം പരാതി നൽകിയത്.















