ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ പിതാവും സെർവോടെക്കിന്റെ ആഗോള ഉപദേഷ്ടാവുമായ എറോൾ മസ്‌ക്. ഭീകരരെ അദ്ദേഹം ഭ്രാന്തന്മാരെന്ന് വിശേഷിപ്പിക്കുകയും അവർക്കെതിരെ ലോകം ഒറ്റക്കെട്ടായി നടപടി സ്വീകരിക്കണമെന്നും എറോൾ മസ്‌ക് കൂട്ടിച്ചേർത്തു. ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
“ഭീകരവാദം ഒരു മോശം കാര്യമാണ്. ലോകത്ത് ഭ്രാന്തൻമാരായ ആളുകളുണ്ട്, നമ്മൾ അവർക്കെതിരെ എന്തെങ്കിലും ചെയ്യണം. അവരുടെ ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. അതിനവരെ അനുവദിക്കരുത്. അവർ ഭ്രാന്തന്മാരാണ്,” എറോൾ മസ്‌ക് പറഞ്ഞു.
അതേസമയം ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യ ശരിയായ വേഗതയിൽ പുരോഗമിക്കുന്നത് തനിക്ക് കാണാൻ കഴിയുന്നുണ്ടെന്ന് എറോൾ മസ്‌ക് പറഞ്ഞു. ഇന്ത്യയിലെത്തിയ അദ്ദേഹം അയോധ്യയിലെ രാമക്ഷേത്രവും ന്യൂഡൽഹിയിലെ ഇസ്കോൺ ക്ഷേത്രവും സന്ദർശിച്ചിരുന്നു.















