പോസ്റ്റുമാൻമാർക്ക് കത്തുകൾ കൃത്യസ്ഥലത്ത് എത്തിക്കാൻ ഇനി പിൻകോഡുകളും വേണ്ട, നാട്ടുകാരോട് വഴി ചോദിച്ച് അലയുകയും വേണ്ട. പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാരും തപാൽവകുപ്പും. വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിന് ഡിജിപിൻ എന്ന ഓൺലൈൻ സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്. പത്തക്കമുള്ളതാണ് ഡിജിപിൻ. ഐഐടി ഹൈദരാബാദ്, എൻആർഎസ് സി, ഐഎസ്ആർഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് തപാൽ വകുപ്പ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
മേൽവിലാസവും വിലാസത്തിന്റെ ഉടമയെയും ഡിജിപിൻ വഴി കൃത്യമായി കണ്ടെത്താനാകും എന്നതാണ് ഇതിന്റെ സവിശേഷത. ഇതിന് വേണ്ടി പ്രത്യേക വെബ്സൈറ്റ് തയാറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് ഉപയോഗിച്ച് നമ്മുടെ സ്ഥലം കൃത്യമായി കണ്ടെത്താൻ കഴിയും. ഇതിലൂടെ കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തിൽ നമ്മുടെ കയ്യിൽ എത്തിപ്പെടും. ഇതുകൂടാതെ ആംബുലൻസ് സംവിധാനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനും സാധിക്കും.
ഓൺലൈൻ ആപ്പുകളിലും സൈറ്റുകളിലും ഷോപ്പിംഗ് നടത്തുന്നവർക്കെല്ലാം ഈ വെബ്സൈറ്റ് ഏറെ പ്രയോജനകരമാണ്. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് സാധനങ്ങൾ പെട്ടെന്ന് ഡെലിവറി ചെയ്യാനും ഇതിലൂടെ സാധിക്കും. ഡിജിപിൻ ലഭിക്കാൻ dac.indaipost.gov.in/mydigipin/home എന്ന പേജ് സന്ദർശിക്കുക.















