മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പൊതുജനങ്ങളെ ആരാണോ അവഗണിക്കുന്നത് അവരെ ജനങ്ങൾ അവഗണിക്കുന്നുവെന്ന് ഫ്ഡ്നാവിസ് പറഞ്ഞു.
ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പിക്കുന്നതിനുള്ള കഴിവ് കോൺഗ്രസിനില്ല. പകരം അവരെ ആശയക്കുഴപ്പത്തിലാക്കാനാണ് അവർ ശ്രമിക്കുന്നത്. അതാണ് രാഹുൽഗാന്ധിയുടെ നയം. ജനങ്ങൾ കോൺഗ്രസിനെ തള്ളിക്കളഞ്ഞു. അതിനാലാണ് വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തി ജനാധിപത്യത്തിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കമുണ്ടാക്കുന്നത്.
എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തുന്നത് ശീലമാക്കിയിരിക്കുകയാണ്. വോട്ടിംഗ് മെഷീന് എതിരായ ഹർജികൾ പോലും സുപ്രീംകോടതി തള്ളിക്കളഞ്ഞു. പരാജയം അംഗീകരിക്കാൻ കഴിയാത്ത നേതാവാണ് രാഹുൽ. പൊതുജനം എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്. ഇനി ആരോടും ഒഴിവുകഴിവുകൾ പറഞ്ഞ് പോകാൻ കഴിയില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.















