ന്യൂഡൽഹി: രാജ്യസുരക്ഷയുടെ കാര്യത്തിൽ ഭാരതത്തിലെ 88 ശതമാനത്തിലധികം ആളുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് വിശ്വാസിക്കുന്നതെന്ന് റിപ്പോർട്ട്. ദേശീയ മാദ്ധ്യമമായ ന്യൂസ്18 നടത്തിയ സർവേയിലാണ് കണക്കുകൾ പുറത്തുവന്നത്. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് മറുപടിയായി ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയത്.
14,671 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ദേശീയ സുരക്ഷയിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം. ഇതിന് പ്രധാനമന്ത്രിയോടൊപ്പം എന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്. കൂടാതെ സോഷ്യൽമീഡിയയും നിരീക്ഷിച്ചാണ് സർവേ പൂർത്തിയാക്കിയത്.
പ്രധാനമന്ത്രിയുടെ ശക്തമായ നിലപാടും ഉറച്ച തീരുമാനങ്ങളും ജനങ്ങളുടെ വിശ്വാസം പതിന്മടങ്ങ് വർദ്ധിച്ചെന്ന് വ്യക്തമാക്കുന്നതാണ് സർവേ റിപ്പോർട്ട്. രാജ്യത്തെയും ഭാരതീയരെയും സംരക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പാണ് ഏവരുടെയും ആത്മവിശ്വാസത്തിന്റെ ആക്കം കൂട്ടിയത്. ഏത് ശത്രുവിനെതിരെയും പോരാടാനുള്ള മനകരുത്ത് തനിക്കുണ്ടെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവർത്തിച്ച് പറഞ്ഞു. പാകിസ്ഥാൻ- ഇന്ത്യ സംഘർഷങ്ങൾ തുടർന്നപ്പോഴും തെല്ലും പുറകിലേക്ക് പോകാതെ ശക്തമായി നിലകൊള്ളുകയായിരുന്നു പ്രധാനമന്ത്രി.