…ആർ.കെ. രമേഷ്….
ഒരു തലമുറ മാറ്റത്തിന് കളമൊരുക്കിയ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ബാറ്റൺ കൈമാറേണ്ട പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റെണാൾഡോയും ഏറ്റുവാങ്ങേണ്ട സ്പാനിഷ് യുവതാരം ലമീൻ യമാലും നിർണായക നിമിഷത്തിൽ സാക്ഷികളായി കളത്തിന് പുറത്തായിരുന്നു. ആവേശ പോരാട്ടം നിശ്ചിത സമയവും അധികസമയവും കടന്ന ഷൂട്ടൗട്ടുവരെ നീണ്ടപ്പോൾ അവസാന ചിരി 40-കാരന്റെ മുഖത്ത് തെളിഞ്ഞു. മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഡിയാഗോ കോസ്റ്റ പോർച്ചുഗീസിന്റെ കപ്പിത്താനായപ്പോൾ അൽവാരോ മൊറാട്ട സ്പെയ്നിന് വേദനയായി. യമാൽ ദുഃഖത്തിലാണ്ടു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ഗോൾ വീതം നേടി ടീമുകൾ സമനില പാലിച്ച മത്സരത്തിൽ റെണാൾഡോയുടെ ഗോളാണ് പോർച്ചുഗീസിന് ജീവവായു നൽകിയത്. 61-ാം മിനിട്ടിലാണ് റെണോ പോർച്ചുഗല്ലിന് ഉഗ്രൻ ഫിനിഷിലൂടെ സമനില സമ്മാനിച്ചത്. പിന്നീടങ്ങോട്ട് ഡിയോഗ കോസ്റ്റയും പ്രതിരോധവും പാറപോലെ ഉറച്ചു നിന്നതോടെ യമാലിനും സ്പാനിഷ് യുവനിരയ്‌ക്കും പോർച്ചുഗീസിന്റെ പരിചയസമ്പത്ത് മറികടക്കാനായില്ല. ഇതിനിടെ 88-ാം മിനിട്ടിൽ സൂപ്പർതാരം റൊണാൾഡോ പരിക്കേറ്റ് പുറത്തായി.
യുവതാരം ന്യൂനോ മെൻഡസിന്റെ (26–ാം മിനിറ്റ്) വകയായിരുന്നു പോർച്ചുഗലിന്റെ ആദ്യ ഗോൾ. യുവതാരം മാർട്ടിൻ സുബിമെൻഡി (21–ാം മിനിറ്റ്), മൈക്കൽ ഒയാർസബാൽ (45–ാം മിനിറ്റ്) എന്നിവരാണ് സ്പെയ്നിനായി ലക്ഷ്യം കണ്ടത്. 2019 പ്രഥമ കിരീടം സ്വന്തമാക്കിയ പോർച്ചുഗൽ രണ്ടാം നേഷൻസ് ലീഗ് ടൈറ്റിലാണ് സ്വന്തമാക്കിയത്. റൂബൻ നെവെസിന്റെ കിക്കിലൂടെയായിരുന്നു കിരീടം പോർച്ചുഗൽ നെറുകിലെത്തിയത്. മൂന്നാം രാജ്യാന്തര കിരീടമാണ് പോർച്ചുഗൽ ജർമനിയിൽ ഉയർത്തിയത്.രാജ്യാന്തര കരിയറിലെ 138-ാം ഗോളാണ് റൊണോ സ്വന്തമാക്കിയത്. പ്രായത്തിന്റെ വെല്ലുവിളികൾ തെല്ലും ബാധിക്കാത്ത പറങ്കിപ്പട നായകൻ കോപ്പുകൂട്ടുന്നത് വരുന്ന ലോകകപ്പിനാണെന്നത് നിശ്ചയം. ഫ്രാൻസിനെ വീഴ്‌ത്തി 2016-ൽ യൂറോ കപ്പുയർത്തിയപ്പോഴും പരിക്കേറ്റ റൊണോ മുഴുവൻ സമയവും കളിക്കാനാകാതെ കളത്തിന് പുറത്തായിരുന്നു എന്നത് മറ്റൊരു സാമ്യമായി.