ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് കർണാടകയിലെ ബിജെപി എംഎൽഎമാർ. എല്ലാ ബിജെപി എംഎൽഎമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോക പ്രഖ്യാപിച്ചു.
സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടരുതെന്നും ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മൂന്ന് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്പീക്കറിനും മുഖ്യമന്ത്രിക്കും ഔദ്യോഗികമായി ഒരു അഭ്യർത്ഥന അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിധാൻ സൗധയിലെ മഹാത്മാഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ ഞായറാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധികളായ 11 പേർക്ക് ജീവൻ നഷ്‌ടമായ പരിപാടിയിൽ കോൺഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. കോൺഗ്രസ് പൊലീസ് മുന്നറിയിപ്പുകൾ ലംഘിച്ചുവെന്നും പൊതുസുരക്ഷയ്‌ക്കു പകരം രാഷ്‌ട്രീയ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
മരണവാർത്ത മുൻകൂട്ടി അറിയിച്ചിട്ടും പരിപാടി തുടർന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിനെ അശോക വിമർശിക്കുകയും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ജൂൺ 4 ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) അവരുടെ ആദ്യ ഐപിഎൽ കിരീടം നേടിയതിന്റെ വിജയാഘോഷയാത്രയ്‌ക്കിടെയായിരുന്നു അപകടം. എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.