മുംബൈ: അപകടങ്ങൾ കുറയ്ക്കാൻ മുംബൈയിലെ ട്രെയിനുകളിൽ ഓട്ടോമാറ്റിക് ക്ലോസിംഗ് ഡോറുകൾ സ്ഥാപിക്കാൻ നീക്കവുമായി റെയിൽവേ മന്ത്രാലയം. താനെ ജില്ലയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് നാല് യാത്രക്കാർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള ലോക്കൽ ട്രെയിനുകളുടെയും എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോർ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ട്രെയിൻ നീങ്ങുമ്പോൾ കയറാനും ഇറങ്ങാനും ശ്രമിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. ഇതിനെ കുറിച്ച് റെയിൽവേ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും യാത്രക്കാർ ശ്രദ്ധിക്കാതെ പോകുന്നതും പതിവാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് റെയിൽവേ മന്ത്രാലയം പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
മുംബൈയിൽ നിർമാണത്തിലിരിക്കുന്ന എല്ലാ ലോക്കൽ ട്രെയിനുകളിലും ഓട്ടോമാറ്റിക് ഡോർ ക്ലോഷർ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് റെയിൽവേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷയാണ് റെയിൽവേയുടെ പ്രഥമ പരിഗണനയെന്നും ട്രെയിൻ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.















