ന്യൂഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ റോഡുകൾ ഇപ്പോൾ പൂർണമായും മാറികൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ റോഡുകളെ കുറിച്ച് പലരും തന്നോട് പ്രശംസിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അമേരിക്കയിലുള്ള ചിലരുമായി ഞാൻ സംസാരിച്ചിരുന്നു. ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങൾ അമേരിക്കയേക്കാൾ മികച്ചതാണെന്ന് അവർ എന്നോട് പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങളാണ് സാമ്പത്തിക വികസനത്തിന്റെ നട്ടെല്ല്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഭാരതം, അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിലും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
മോദി സർക്കാർ നിർമിച്ച റോഡുകൾ ഇന്ത്യയിലെ ലോജിസ്റ്റിക് ചെലവ് കുറച്ചിട്ടുണ്ട്. ഇത് കയറ്റുമതി കൂടുതൽ മെച്ചപ്പെടുത്തി. കയറ്റുമതി വർദ്ധിപ്പിക്കുകയാണെങ്കിൽ അത് നമ്മുടെ കാർഷിക മേഖല, ഉത്പാദനം, സേവനങ്ങൾ എന്നിവ ഉൾപ്പെടെ മറ്റുള്ള എല്ലാ മേഖലകളെയും മെച്ചപ്പെടുത്താനാവും. എക്സ്പ്രസ് വേകൾ, തുറമുഖ കണക്റ്റിവിറ്റി ഹൈവേ എന്നിവ ബന്ധിപ്പിക്കുന്ന ഒരു ലക്ഷം കോടി രൂപയുടെ റോഡ് നിർമാണം പുരോഗമിക്കുകയാണ്. ജമ്മുവിനും ശ്രീനഗറിനും ഇടയിൽ 36 തുരങ്കങ്ങൾ വികസിപ്പിക്കുന്നു. ഇതിൽ 23 എണ്ണം പൂർത്തിയായി. നാല്, അഞ്ച് എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.