ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ അണ്ണാമലൈ ക്ഷേത്രപരിസരത്തിരുന്ന് മാംസാഹാരം കഴിച്ചയാൾക്കെതിരെ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന് സമീപമാണ് സംഭവം നടന്നത്. ഇവിടെയിരുന്ന് ഒരാൾ ചിക്കൻ ബിരിയാണി കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭക്തർ ഉടൻതന്നെ വിവരം ക്ഷേത്ര അധികൃതരെ അറിയിക്കുകയായിരുന്നു.
അധികൃതരെത്തി യുവാവിന്റെ പ്രവർത്തിയെ ചോദ്യം ചെയ്തു. എന്നാൽ താൻ വെജ് ബിരിയാണി ആണ് വാങ്ങിയതെന്നും ചിക്കൻ ഇതിൽ അബദ്ധത്തിൽ വന്നുപോയതാണെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. ക്ഷേത്ര പരിസരത്തിരുന്ന് മാംസ ഭക്ഷണം കഴിക്കുന്നത് തടഞ്ഞ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ ജില്ലാ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ജനുവരിയിൽ മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും സമാനമായ സംഭാവമുണ്ടായിരുന്നു. അന്ന് ക്ഷേത്ര കുന്നുകളിൽ പോയി മാംസ ഭക്ഷണം കഴിച്ച ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതാവും രാമനാഥപുരം എംപിയുമായ നവാസ് കാനിയുടെ പ്രവർത്തി ഹിന്ദു സമൂഹത്തിനിടയിൽ സംഘർഷം സൃഷ്ടിക്കുക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ അപലപിച്ചിരുന്നു.















