വയോധികന്റെ നിരന്തരമുള്ള ലൈംഗികാതിക്രമത്തിൽ പൊറുതിമുട്ടിയ സ്ത്രീകൾ ഒത്തുചേർന്ന് പ്രതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. 60 കാരനെയാണ് സ്ത്രീകൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ പീഡനത്തിനിരയായ സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗജപതി ജില്ലയിലാണ് സംഭവം നടന്നത്.
പഞ്ചായത്ത് അംഗവും അറസ്റ്റിലായിട്ടുണ്ട്. വയോധികനിൽ നിന്ന് നിരന്തരം ലൈംഗികാതിക്രമം നേരിട്ടിരുന്നതായി സ്ത്രീകൾ വെളിപ്പെടുത്തി. അടുത്തിടെ വിധവയായ 52 കാരിയെ വയോധികൻ പീഡിപ്പിച്ചിരുന്നു. കൂടാതെ ഗ്രാമത്തിലെ എട്ടോളം സ്ത്രീകളെ ഇയാൾ ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഇത് തുടർന്നതോടെയാണ് പീഡിപ്പിക്കപ്പെട്ട സ്ത്രീകളെല്ലാവരും ഒത്തുചേർന്ന് വയോധികനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒത്തുകൂടിയിരുന്നു. തുടർന്ന് ഇവർ വയോധികന്റെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്ന ഇയാളെ സ്ത്രീകൾ ഒരുമിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. വയോധികനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വനത്തിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.















