തിരുവനന്തപുരം: സാമ്പത്തികതട്ടിപ്പ് കേസ് തങ്ങൾക്കെതിരെ വഴിതിരിച്ചുവിടാൻ ശ്രമിച്ച സംഭവത്തിൽ രാഷ്‌ട്രീയ ഇടപെടൽ നടന്നതായി സംശയിക്കുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തുടക്കത്തിൽ പൊലീസ് നടപടി എടുക്കാതിരുന്നത് ചില രാഷ്‌ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായിയെന്ന സംശയമുണ്ടാക്കിയെന്നും കൃഷ്ണകുമാർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. 69 ലക്ഷം രൂപയാണ് ജീവനക്കാർ തട്ടിയെടുത്തത്. കൂടുതൽ തുക തട്ടിയെടുത്തുവെന്ന് സംശയമുണ്ട്. ജീവനക്കാർ നേരിട്ട് പ്രീമിയം കസ്റ്റമറുമായി ഇടപാടുകൾ നടത്തി. കൂടുതൽ തുക തട്ടിയെടുക്കാൻ സാധ്യതയുണ്ട്.
എന്റെ രാഷ്‌ട്രീയവുമായി കേസ് കൂട്ടി ചേർക്കരുത്. കുടുംബത്തെ വലിച്ചിഴയ്‌ക്കരുത്. നിയമത്തിന്റെ യാതൊരു വശവും അറിയില്ലാത്ത ആരോ ആണ് അവർക്ക് പിന്നിലുള്ളത്. അവരായിട്ട് ഞങ്ങളെ കൊണ്ട് ഇത് ചെയ്യിപ്പിച്ചു. എനിക്ക് ഒരുപാട് മാദ്ധ്യമസുഹൃത്തുക്കളുണ്ട്. എല്ലാവരോടും വിളിച്ച് ഇവരുടെ കാര്യം വേണമെങ്കിൽ എനിക്ക് പറയാമായിരുന്നു. അവരുടെ ഭാവിയെ കുറിച്ച് ചിന്തിച്ചാണ് അത് ചെയ്യാതിരുന്നത്. ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ഇല്ലാതാകുന്നത് എല്ലാവരും കണ്ടതാണ്.
മകളുടെ കല്യാണത്തിനും മറ്റ് എല്ലാ ചടങ്ങുകളിലും ഇവർ പങ്കെടുത്തു. ഇവരാണ് ഇതിന് പിന്നിലെന്ന് നമ്മൾ ഒരിക്കൽ പോലും ചിന്തിക്കില്ല. ദിയയുടെ സഹോദരിമാരായ ഹൻസികയുടെയും ഇഷാനിയുടെയും സുഹൃത്തുക്കൾ സാധനങ്ങൾ വന്ന് വാങ്ങിയിരുന്നു. ഇത് ദിയയ്‌ക്ക് കിട്ടിയോ എന്ന് അവർ ചോദിച്ചു. അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് കൃഷ്ണകുമാർ പറഞ്ഞു.
നിങ്ങൾ എന്നോട് സത്യം പറയൂ എന്ന് മാത്രമാണ് ഞാൻ അവരോട് ആവശ്യപ്പെട്ടത്. കുറച്ച് പണം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് അവർ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറിയിടാം എന്ന് പറഞ്ഞു. കട്ടിട്ടില്ലെങ്കിൽ നിങ്ങൾ പേടിക്കേണ്ട കാര്യം ഇല്ലല്ലോയെന്നും പറഞ്ഞിരുന്നു. കാലുപിടിക്കാം ഇടരുതെന്നാണ് അവർ പറഞ്ഞത്.
അവർ പുറത്തുവിട്ട വീഡിയോ തന്നെയാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ അനകൂലമായതെന്ന് ദിയ കൃഷ്ണ പറഞ്ഞു. എന്നെ ഉറങ്ങാൻ സമ്മതിക്കാതെ അവർ തുടർച്ചയായി വിളിച്ചു. എന്റെ ആ മാനസിക അവസ്ഥയിലാണ് ഞാൻ ചീത്ത പറഞ്ഞത്. എല്ലാവരും കൂടെ നിന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ദിയ പറഞ്ഞു.















