ന്യൂഡൽഹി: പഹൽഗാമിൽ ഏപ്രിൽ 22 ന് തീവ്രവാദികൾ മതത്തിന്റെ പേരിൽ സാധാരണക്കാരെ ലക്ഷ്യമിട്ടപ്പോൾ, ഇന്ത്യ തീവ്രവാദികൾക്ക് നേരെ തിരിച്ചടി നൽകിയത് അവരുടെ ‘കർമ്മ’ത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.
“പഹൽഗാമിൽ തീവ്രവാദികൾ ആളുകളെ അവരുടെ മതം ചോദിച്ച് കൊന്നു; ഞങ്ങൾ അവരുടെ ‘ധർമ്മം'(മതം) ചോദിച്ചില്ല, മറിച്ച് അവരുടെ കർമ്മം (പ്രവർത്തി)കണ്ട് തിരിച്ചടിച്ചു,” ഡെറാഡൂണിൽ നടന്ന ഒരു പരിപാടിയിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വത്തിൽ, പ്രധാനമായും ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഇന്ത്യയുടെ പ്രതിരോധ മേഖല ഇന്ന് വിശ്വസനീയമായ ആഗോള കയറ്റുമതിക്കാരായി മാറിയെന്ന് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂരിലൂടെ ലോകം ഈ മാറ്റം കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.