ഒട്ടാവ: ന്യൂയോർക്കിൽ ജൂതസമുദായത്തിനെതിരെ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ പാകിസ്ഥാൻ ഭീകരനെ യുഎസിന് കൈമാറി കാനഡ. മുഹമ്മദ് ഷഹസീബ് ഖാൻ എന്ന 20-കാരനെയാണ് യുഎസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ള ആളാണ് മുഹമ്മദ് ഷഹസീബെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
ഐഎസ് ഭീകരരുടെ പിന്തുണയോടെ ജൂത കേന്ദ്രത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തൽ. ജൂതസമുദായത്തെ ലക്ഷ്യമിട്ടാണ് മുഹമ്മദ് ഷഹസീബ് കാനഡയിലെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാൾ അറസ്റ്റിലായത്.
ഐഎസ് ഭീകരരുമായി ഗൂഢാലോചന നടത്തിയതിനും മുഹമ്മദ് ഷഹസീബിനെതിരെ തെളിവ് ലഭിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. യുഎസ്-കാനഡ അതിർത്തിയിൽ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ഓംസ്‌ടൗൺ മുനിസിപ്പാലിറ്റിയിൽ വെച്ചാണ് ഐഎസ് ഭീകരനെ കനേഡിയൻ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂതന്മാരെ ഒന്നടങ്കം വകവരുത്താൻ ഐഎസ് ഭീകരർ പദ്ധതിയിട്ടതായി വ്യക്തമായി. യുഎസിലെ രഹസ്യാന്വേഷണ ഏജൻസിയുമായി മുഹമ്മദ് ഷഹസീബിന് അടുത്ത ബന്ധമുണ്ടായിരുന്നു. 2023-ൽ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ആക്രമണം നടത്താനായിരുന്നു ഐഎസ് ഭീകരരുടെ പദ്ധതി.















