ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് തന്നെ രാജ രഘുവംശിയെ കൊലപ്പെടുത്താൻ സോനം പദ്ധതിയിട്ടിരുന്നെന്ന് യുവതിയുടെ കുടുംബം. രാജയുമായുള്ള വിവാഹത്തിന് സോനത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹത്തിന് തന്നെ നിർബന്ധിച്ചാൽ അതിന്റെ പരിണിതഫലങ്ങൾക്ക് ഉത്തരവാദി നിങ്ങളായിരിക്കുമെന്നും സോനം മുന്നറിയിപ്പ് നൽകിയതായി കുടുംബം പ്രതികരിച്ചു.
രാജയുടെ കൊലപാതകത്തിലെ മുഖ്യപ്രതി രാജ് കുശ്വാഹയും സോനവുമായുള്ള ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ ആ ബന്ധത്തെ വീട്ടുകാർ എതിർക്കുകയും രാജ രഘുവംശിയുമായുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു.
തന്റെ ബന്ധത്തെ കുറിച്ച് സോനം അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് തന്നെ നിർബന്ധിച്ചാൽ അതിന്റെ അനന്തരഫലം നിങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് സോനം മുന്നറിയിപ്പ് നൽകിയിരുന്നു. അയാളോട് ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ കാണും. അതിന് ശേഷമുള്ള പ്രശ്നങ്ങൾ നിങ്ങൾ അനുഭവിക്കേണ്ടിവരും എന്നാണ് സോനം പറഞ്ഞത്. എന്നാൽ രാജയെ കൊലപ്പെടുത്തുമെന്ന് തങ്ങൾ കരുതിയില്ലെന്നും കുടുംബം പ്രതികരിച്ചു.
സോനത്തിന്റെ സഹോദരൻ ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ക്വട്ടേഷൻ സംഘത്തിലുള്ള മൂന്ന് പേരെ കൂട്ടുപിടിച്ചാണ് സോനം രാജയെ കൊലപ്പെടുത്തിയത്. സോനത്തിന്റെ സഹായത്തോടെയാണ് മൃതദേഹം മലമുകളിൽ നിന്ന് താഴേക്കിട്ടതെന്നും അന്വേഷണത്തിൽ കണ്ടെത്തി.















