ന്യൂഡെല്‍ഹി: ഇന്ത്യയുടെ അതിവേഗം വളരുന്ന ഫുഡ് ഡെലിവറി ബിസിനസിലേക്ക് ഒരു കമ്പനി കൂടി. റൈഡിംഗ് സേവനങ്ങള്‍ നല്‍കുന്ന റാപ്പിഡോയാണ് സൊമാറ്റോക്കും സ്വിഗ്ഗിക്കും വെല്ലുവിളിയായി ഫുഡ് ഡെലിവറിയിലേക്ക് കൂടി കടന്നുവരാനൊരുങ്ങുന്നത്.
സ്വിഗ്ഗിയും സൊമാറ്റോയും റെസ്റ്ററന്റുകളില്‍ നിന്ന് ഈടാക്കുന്ന കമ്മീഷന്‍ തുകയുടെ പാതി മാത്രം ഈടാക്കി ബിസിനസ് പിടിക്കാനാണ് റാപ്പിഡോയുടെ പദ്ധതി. നാഷണല്‍ റെസ്റ്ററന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍ആര്‍എഐ) റാപ്പിഡോ ധാരണയിലെത്തിക്കഴിഞ്ഞു. 5 ലക്ഷത്തിലധികം റെസ്റ്ററന്റുകളുടെ കൂട്ടായ്മയാണിത്.
നിലവില്‍ 16-30% കമ്മീഷനാണ് സൊമാറ്റോയും സ്വിഗ്ഗിയും റെസ്റ്ററന്റുകളില്‍ നിന്ന് ഈടാക്കുന്നത്. 8-16% കമ്മീഷന്‍ വാങ്ങാനാണ് റാപ്പിഡോയുടെ തീരുമാനം. സൊമാറ്റോയു സ്വിഗ്ഗിയും ഉയര്‍ന്ന കമ്മീഷന്‍ ഈടാക്കുന്നെന്ന് റെസ്റ്ററന്റുകള്‍ക്ക് പരാതിയുണ്ട്. തങ്ങളുടെ ഓഫറുകളും മറ്റും ഫുഡ് ഡെലിവറി ആപ്പില്‍ ദൃശ്യമാകാന്‍ ഓരോ ഓര്‍ഡറിനും ശരാശരി 30 രൂപ വരെ മുടക്കേണ്ടി വരുന്നെന്ന് ചെറുകിട റെസ്റ്ററന്റ് ഉടമകള്‍ പറയുന്നു. ഇത്രയും തുക പ്രൊമോഷന് ചെലവാക്കിയാല്‍ ഓര്‍ഡറില്‍ നിന്ന് പിന്നെ ലാഭം കിട്ടാന്‍ സാധ്യത കുറവാണ്.
ഈ സാഹചര്യമാണ് റാപ്പിഡോ അവസരമായി കാണുന്നത്. റൈഡുകള്‍ ഓഫര്‍ ചെയ്യുന്ന റാപ്പിഡോ ബൈക്ക് ടാക്‌സി, ഓട്ടോ, കാര്‍ ടാക്‌സി സേവനങ്ങളും പാഴ്‌സല്‍ ഡെലിവറിയും തേഡ് പാര്‍ട്ടി ലോജിസ്റ്റിക് സേവനങ്ങളും നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ്. ചില ലൊക്കേഷനുകളില്‍ സ്വിഗ്ഗിയുടെ ഓര്‍ഡറുകള്‍ റാപ്പിഡോ നിര്‍വഹിക്കുന്നുണ്ട്.
2023 ല്‍ 66000 കോടി രൂപയുടേതായിരുന്ന ഇന്ത്യയിലെ ഫുഡ് ഡെലിവറി ബിസിനസ് 2023 ഓടെ 2.12 ലക്ഷം കോടിയിലേക്ക് വളരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വളര്‍ച്ചാ സാധ്യത മുന്നില്‍ കണ്ടാണ് കൂടുതല്‍ കമ്പനികള്‍ ഈ മേഖലയിലേക്ക് എത്തുന്നത്.















