ന്യൂഡെല്‍ഹി: താരിഫ് സംബന്ധിച്ച ആഗോള ആശങ്കകള്‍ക്കിടെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ദേശീയ തലസ്ഥാനത്ത് ബുധനാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 820 രൂപ ഉയര്‍ന്ന് 98,550 രൂപയിലെത്തി. ചില്ലറ വില്‍പ്പനയും സ്‌റ്റോക്കിസ്റ്റുകളുടെ ആവശ്യകതയും വര്‍ദ്ധിച്ചതാണ് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവിന് കാരണമെന്ന് ഓള്‍ ഇന്ത്യ സരഫ അസോസിയേഷന്‍ അറിയിച്ചു. താരിഫ് ആശങ്കകള്‍ ആഗോളതലത്തില്‍ വീണ്ടും ഉയര്‍ന്നുവന്നതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നതാണ് ഈ വില വര്‍ധനവിന് കാരണമായത്.
കേരളത്തില്‍ പവന് 72,160 രൂപ
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 9020 രൂപയിലെത്തി. സ്വര്‍ണം പവന് 600 രൂപ വര്‍ധിച്ച് 72,160 രൂപയായി. ജൂണ്‍ 6ന് ഗ്രാമിന് 9130 രൂപ വരെ
ഉയര്‍ന്ന സ്വര്‍ണവില താരിഫ് സമ്മര്‍ദ്ദം കുറഞ്ഞതോടെ 8945 വരെ താഴ്ന്നിരുന്നു.
അന്താരാഷ്‌ട്ര മാര്‍ക്കറ്റ്
അന്താരാഷ്‌ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.36 ശതമാനം അഥവാ 12.09 ഡോളര്‍ ഉയര്‍ന്ന് 3,334.69 ഡോളറിലെത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആഗോള താരിഫ് ചുമത്തുന്നത് തുടരാന്‍ അനുമതി നല്‍കിയ യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി തീരുമാനമാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് തിരിയാന്‍ ഇത് കാരണമായി.
വെള്ളിവിലയില്‍ മാറ്റമില്ല
അതേസമയം വെള്ളിയുടെ വില ഡെല്‍ഹിയില്‍ കിലോഗ്രാമിന് 1,09,000 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. കൊച്ചിയില്‍ 1,19,000 രൂപയാണ് വെള്ളിവില.















