എറണാകുളം: കപ്പൽ അപകടത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. സംഭവത്തിൽ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണമെന്നും വേണമെങ്കിൽ കപ്പൽ കമ്പനിക്കെതിരെ കേസെടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. തുടർച്ചയായുണ്ടായ കപ്പൽ അപകടവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണ് നിർദേശം.
കപ്പൽ കമ്പനിക്കെതിരെ ക്രിമിനൽ, സിവിൽ നടപടികൾ സ്വീകരിക്കാം. നടപടികളിൽ ഒരു പഴുതും ഉണ്ടാകരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ചെലവാക്കിയ പണം എത്രയെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ച നികുതി പണമാണ് ചിലവാക്കുന്നത്. നഷ്ടപരിഹാരത്തുക കമ്പനിയിൽ നിന്നും ഏതൊക്കെ തരത്തിൽ ഈടാക്കാമെന്നതിനെ കുറിച്ച് കൃത്യമായ കണക്കുകൾ ആവശ്യമാണ്. മത്സ്യനഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാക്കാമെന്നും കോടതി നിർദേശിച്ചു. അന്താരാഷ്‌ട്ര കരാറുകളും നിയമങ്ങളും പരിശോധിക്കണം. അപകടത്തിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.















