ഒരു പ്രശ്നം വന്നപ്പോൾ എല്ലാവരും തനിക്കും കുടുംബത്തിനുമൊപ്പം നിന്നെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തങ്ങളുടെ ഭാഗത്തെ ന്യായം എല്ലാവരും മനസിലാക്കിയെന്നും നെഗറ്റീവ് പറയുന്നവർ പോലും ഒപ്പം നിന്നെന്നും കൃഷ്ണകുമാർ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“15 ലക്ഷം രൂപ തിരികെ തരാമെന്ന് പറഞ്ഞ് പോയ അന്ന് രാത്രിയാണ് അവർ ദിയയെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. രാത്രി ഒരു പുരുഷനാണ് മകളെ വിളിച്ചത്. ആ സമയത്താണ് ഫോൺ വാങ്ങി ഞാൻ സംസാരിക്കാൻ തുടങ്ങിയത്. അടുത്ത ദിവസമാണ് ഇവർ ഞങ്ങൾക്കെതിരെ കേസ് കൊടുത്തത്. പൊതുവെ വീഡിയോകൾ ഇടുമ്പോൾ വളരെയധികം നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന കമന്റുകൾ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി”.
നമ്മുടെ പ്രവർത്തി സത്യമാണെങ്കിൽ നമ്മളോടൊപ്പം നിൽക്കാൻ അദൃശ്യ ശക്തിവരും. ജനങ്ങൾ വളരെയധികം പക്വതയോടെയാണ് പ്രതികരിച്ചത്. നിക്കാക്കള്ളിയില്ലാതെ വരുമ്പോഴാണ് പലരും ജാതിക്കാർഡും പീഡനവും അനാവശ്യമായി ഉപയോഗിക്കുന്നത്. മകൾക്കും എനിക്കുമെതിരെ ഗൂഢാലോചന നടക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതിന് പിന്നിൽ രാഷ്‌ട്രീയബന്ധം ഉണ്ടെന്നുള്ളത് ഉറപ്പായ കാര്യമാണ്. പക്ഷേ, തെളിവുകൾ ഇല്ലാത്തതിനാൽ ഉറപ്പിച്ച് പറയാൻ കഴയില്ല.
ഈ വിഷയത്തിൽ ബിജെപിയുടെ ഏതെങ്കിലും പ്രസ്താവന വന്നിരുന്നോ. കാരണം ഞാൻ ആരുമായും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. കാരണം ഈ വിഷയത്തിൽ രാഷ്‌ട്രീയം കലർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ മകളും അവളുടെ ജോലിക്കാരും തമ്മിലുള്ള വിഷയമാണ്. അത് ഒത്തുതീർപ്പാക്കാൻ വേണ്ടി മാത്രമാണ് താൻ ഇടപെട്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.















