ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ പരിഹസിച്ച് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെ. കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമിനോടാണ് ഓപ്പറേഷൻ സിന്ദൂറിനെ താരതമ്യം ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ നിസാര യുദ്ധമെന്ന് പറഞ്ഞ് രാജ്യത്തെ സൈനിക വിഭാഗങ്ങളെ അപമാനിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അവഹേളനത്തിന് പിന്നാലെയാണ് നാന പടോലെയുടെ അധിക്ഷേപ പരാമർശം. മാദ്ധ്യപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
കമ്പ്യൂട്ടർ മുറിയിലിരുന്ന് വീഡിയോ ഗെയിം കളിക്കുന്നത് പോലെയാണ് ഓപ്പറേഷൻ സിന്ദൂർ ഉണ്ടായിരുന്നതെന്ന് നാന പടോലെ പറഞ്ഞു. ഭാരതത്തിന്റെ സൈനിക ശക്തിയെ ഇകഴ്ത്തി കാട്ടുന്നതാണ് കോൺഗ്രസ് നേതാവിന്റെ വാക്കുകൾ. സംഭവത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കോൺഗ്രസ് നേതാക്കൾ രാജ്യത്തിന്റെ സൈനിക ശക്തിയെ മനഃപൂർവ്വം അപമാനിക്കുകയാണെന്നും കരുതികൂട്ടിയുള്ള നീക്കമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.
ഓപ്പറേഷൻ സിന്ദൂർ ചെറിയ യുദ്ധമാണെന്നും പഹൽഗാം ഭീകരാക്രമണത്തെ ചെറുക്കാൻ സാധിച്ചില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. പിന്നാലെ കർണാടകയിലെ കോൺഗ്രസ് നേതാവും എംഎൽഎയുമായ കോതൂർ ജി മഞ്ജുനാഥും ഓപ്പറേഷൻ സിന്ദൂറിനെ നിസാരവൽക്കരിക്കുന്ന തരത്തിൽ പരാമർശം നടത്തുകയുണ്ടായി. ഇത്തരത്തിൽ നിരന്തരം ഓപ്പറേഷൻ സിന്ദൂറിനെ അപമാനിക്കുന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കൾ പ്രസംഗിക്കുന്നത്.















