മുംബൈ: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് ജൂണ്‍ 12 ന് ഉച്ചകഴിഞ്ഞുള്ള വ്യാപാര സെഷനില്‍ എയര്‍ലൈന്‍ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഓഹരികള്‍ 3 ശതമാനം ഇടിഞ്ഞ് 5,465 രൂപയിലെത്തി. അതേസമയം സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ 1.5 ശതമാനം ഇടിഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ 242 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ജനസാന്ദ്രതയുള്ള പ്രദേശത്ത് ഒരു കെട്ടിടത്തില്‍ വിമാനം ഇടിച്ചുകയറി.
ഇത്തരത്തില്‍ വലിയ ഒരു വിമാനാപകടം വിമാന യാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയേക്കാം. ഇതാണ് വിമാനക്കമ്പനി ഓഹരികളെ നഷ്ടത്തിലേക്ക് തള്ളിയിട്ടത്.
അഹമ്മദാബാദ് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്ന അദാനി എന്റര്‍പ്രൈസസിന്റെ
ഓഹരികളും വിമാനാപകടത്തിന് ശേഷം ഏകദേശം 1 ശതമാനം ഇടിഞ്ഞു. 2020 ലാണ് അദാനി എന്റര്‍പ്രൈസസ് അഹമ്മദാബാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നത്.
വിമാനത്തിന്റെ നിര്‍മാതാക്കളായ ബോയിംഗിന്റെ ഓഹരികളിലും ഗണ്യമായ ഇടിവ് ദൃശ്യമായി. ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ബോയിംഗ് ഓഹരികള്‍ 5% വരെ താഴേക്കിറങ്ങി. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്.















