ടെഹ്റാൻ: ഇറാൻ റെവലൂഷണറി ഗാർഡ്‌സ് തലവൻ ഹൊസൈൻ സലാമി ഇസ്രായേലിന്റെ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച റെവലൂഷണറി ഗാർഡ്‌സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഹൊസൈൻ സലാമിയും മുതിർന്ന ആണവ ശാസ്ത്രജ്ഞനും കൊല്ലപ്പെട്ടെന്ന് വാർത്ത ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഇറാൻ സായുധസേന മേധാവി മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടതായും സൂചനകളുണ്ട്.
1979 ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെയാണ് ഇറാൻ റെവലൂഷണറി ഗാർഡ്‌സ് രൂപം കൊണ്ടത്. ഇറാനിയൻ ഭരണകൂടത്തിൽ സർവ്വാധിപത്യവും റവലൂഷണറി ഗാർഡ്‌സിനാണ്. ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസിന് ബാലിസ്റ്റിക് മിസൈലുകളും ആയുധങ്ങളും നൽകിയത് ഇവരായിരുന്നു.
റൈസിംഗ് ലയൺ എന്നാണ് ഓപ്പറേഷന് ഇസ്രായേൽ നൽകിയ പേര്. ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ആദ്യം ഘട്ടം വിജയകരമായി പൂർത്തിയായതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ‘ ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമാണിത്. റൈസിംഗ് ലയൺ ആണവ ബോംബ്, ബാലിസ്റ്റിക് മിസൈൽ പദ്ധതി, നാന്റൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം എന്നിവയിൽ പ്രവർത്തിക്കുന്ന ഇറാനിയൻ ശാസ്ത്രജ്ഞരെയാണ് ലക്ഷ്യമിടുന്നത്’, നെതന്യാഹു പറഞ്ഞു.















