അഹമ്മദാബാദ്: 265 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരെയാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് അധികൃതരോട് പ്രധാനമന്ത്രി നിർദേശിച്ചു. ആശുപത്രിയിലെ ഡോക്ടർമാരുമായും അദ്ദേഹം സംസാരിച്ചു.
വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ചശേഷമാണ് പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്. 20 മിനിറ്റോളം പ്രധാനമന്ത്രി സ്ഥലത്ത് നിന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, വ്യോമയാനമന്ത്രി റാം മോഹൻ നായിഡു തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തെ പ്രധാനമന്ത്രി സന്ദർശിക്കും.
വിമാനദുരന്തത്തിൽ 11A സീറ്റിലിരുന്ന 38-കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജിന്റെ മെസ് പ്രവർത്തിച്ചിരുന്ന ഭാഗത്തേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്കും ജീവൻനഷ്ടമായി. ഇതിൽ ചിലർ പരിക്കേറ്റ് ചികിത്സയിലാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് ചികിത്സാ ചെലവും നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു. തകർന്ന മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ നിർമാണവും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.















