ശ്രീനഗർ: പാക് അനുകൂല നിലപാടും വിചിത്ര ആവശ്യങ്ങളുമായി കശ്മീരിലെ ടാഗോർ ഹാളിൽ സിപിഎം നടത്തിയ ഏകദിന കൺവെൻഷൻ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും പാകിസ്താനുമായി ചർച്ച ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നടന്ന കൺവെൻഷൻ അവസാനിച്ചത്. കശ്മീരിലെ ജനങ്ങളും പ്രാദേശിക പാർട്ടികളും വരെ സംസ്ഥാന പദവി നൽകണമെന്ന് ആവശ്യമുയർത്തുമ്പോഴാണ് കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സിപിഎം വരുന്നത്.
‘ജമ്മു കശ്മീരിലെ ജനങ്ങളുടെ നിയമാനുസൃതമായ ഭരണഘടനാ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള കൺവെൻഷൻ’ എന്നായിരുന്നു സമ്മേളനത്തിന്റെ പേര്. കൺവെൻഷന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി നിലവിലെ കശ്മീരിലെ വികസനവും സമാധാനവും ചർച്ച ചെയ്യാൻ മുതിരാതെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി വഞ്ചനാപരമാണെന്ന് ആരോപിച്ചു. എന്നാൽ കശ്മീരിൽ നിന്നുള്ള സിപിഎം നേതാവ് എം വൈ തരിഗാമി ഇതിൽ നിന്നും ഭിന്നമായി മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളെപ്പോലെ കശ്‌മീരിനും സംസ്ഥാന പദവി നൽകണമെന്നാണ് ആവശ്യപ്പെട്ടത്.
ഒപ്പേറഷൻ സിന്ദൂർ നടപ്പിലാക്കി ഒരുമാസത്തിനിപ്പുറം പാക് ഷെല്ലാക്രമണത്തിൽ തകർന്ന ഉറിയിലെ അതിർത്തി പ്രദേശങ്ങളും സിപിഎം പ്രതിനിധി സംഘം സന്ദർശിച്ചു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കശ്മീരിൽ എത്തി ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അധിക ധനസഹായമുൾപ്പെടെ അനുവദിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സിപിഎം നേതാക്കളുടെ സന്ദർശന നാടകം.















