അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ തന്റെ സഹപ്രവർത്തകർക്ക് ജീവൻ നഷ്ടമായെന്ന് നടൻ ബാലയുടെ മുൻഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. സഹപ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പെടെ 50 പേർ അപകടത്തിൽ മരിച്ചുവെന്ന് എലിസബത്ത് വീഡിയോയിൽ പറയുന്നു.
അപകടത്തിൽ ഒരുപാട് പേരെ കാണാതായി. എംബിബിഎസ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരുപാട് പേർ മരണപ്പെട്ടു. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഞാൻ സുരക്ഷിതയാണ്. പിജി ചെയ്യുന്ന അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ കൊണ്ടുവന്നത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ദുരന്തത്തെ കുറിച്ച് അറിയിപ്പ് വന്നത്.
ഹോസ്റ്റലും ആശുപത്രിയും തമ്മിൽ ഒരു കിലോമീറ്റർ ദൂരമുണ്ട്. അപകടത്തിൽപെട്ടവരിൽ മലയാളികൾ ഇല്ലെന്നാണ് സൂചന. 63 മലയാളികളുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്. അതിൽ എല്ലാവരും സുരക്ഷിതരാണ്. ഒരുപാട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
വിദ്യാർത്ഥികളുടെ മെസിലും പിജിയിലും സൂപ്പർ സ്പെഷ്യാലിറ്റിയിലുമുള്ള ആളുകൾ താമസിക്കുന്ന ആശുപത്രിയിലാണ് വിമാനം ഇടിച്ചിറങ്ങിയത്. 25-ലധികം ആളുകളെ കാണാതായിട്ടുണ്ടെന്നും എലിസബത്ത് പറഞ്ഞു.















