അഹമ്മദാബാദ്: ഗുജറാത്തിൽ തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ (ഡി.വി.ആർ) കണ്ടെടുത്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഡി.വി.ആർ കണ്ടെടുത്തത്. (ഡി.വി.ആർ) ഫോറൻസിക് സംഘത്തിന് കൈമാറുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡി.വി.ആറിൽ നിന്നും അപകടത്തെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഡി.വി.ആറിലാണ് സംഭരിക്കുന്നത്. സുരക്ഷ, പൈലറ്റിന്റെ പ്രവർത്തനം, വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയിൽ പാളിച്ചയുണ്ടായിട്ടുണ്ടോ എന്ന് ഇതിൽ നിന്നും വ്യക്തമാകും. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറുകൾ (എഫ്ഡിആർ), കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകൾ (സി.വി.ആർ) എന്നിവ കൂടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
അതേസമയം വിമാനാപകട സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ സാമ്പിൾ പരിശോധന അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ 1000 ത്തിലധികം ഡിഎൻഎ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.















