അഹമ്മദാബാദ്: 265 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടുനിന്നു. പ്രധാനമന്ത്രിയുമായി നേരിട്ടുള്ള സംഭാഷണത്തിലും എയർ ഇന്ത്യ വിമാനം എങ്ങനെ തകർന്നു എന്നോ എന്തായിരുന്നു വീഴ്ചകൾ എന്നോ ഉള്ള ചോദ്യങ്ങൾക്ക് എയർ ഇന്ത്യ സിഇഒക്ക് ഉത്തരമില്ലായിരുന്നു.
എയർ ഇന്ത്യ വിമാനാപകടത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മോദി ഇന്ന് രാവിലെ അഹമ്മദാബാദിലെത്തിയിരുന്നു. പരിക്കേറ്റ് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദർശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലിനും മറ്റ് ഉന്നത മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ചശേഷമാണ് പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്.
അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി ഉന്നത അധികാരികളുമായി നിർണായക കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിൽ എന്താണ് ചർച്ച ചെയ്തതെന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അപകടത്തിൽ മരണപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.















