തിരുവനന്തപുരം : സ്കൂൾ സമയക്രമീകരണം മാറ്റുന്ന വിഷയത്തിൽ സമ്മർദ്ദ തന്ത്രവുമായി ഇറങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്‌ക്കും അവരുടെ വിരട്ടലിൽ വീണ് നയം മാറ്റാനൊരുങ്ങുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിക്കുമെതിരെ ആഞ്ഞടിച്ച് എബിവിപി.
സ്കൂൾ സമയക്രമീകരണം മതസംഘടനകളുടെ അഭിപ്രായമനുസരിച്ചല്ല നടത്തേണ്ടതെന്നും സർക്കാരിന് സമസ്തയെ പേടിയാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈയു ഈശ്വരപ്രസാദ് ആരോപിച്ചു.
“സ്കൂൾ വിദ്യാഭ്യാസത്തിന് അനുസരിച്ച് മദ്രസകൾ സമയം മാറ്റണം. അവധി ദിവസങ്ങളിൽ അത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കട്ടെ. കേരളത്തിലെ വിദ്യാർത്ഥികൾ മുഴുവൻ സമസ്തയുടെ സമയത്തിനനുസരിച്ച് പഠനം നടത്തേണ്ടവരല്ല. വിദ്യാർത്ഥികൾക്ക് അനുകൂലമായ വിദ്യാഭ്യാസസമയ ക്രമീകരിക്കണം നടത്തണം. 1000 മണിക്കൂർ ഗുണമേന്മയുമുള്ള വിദ്യാഭ്യാസം നിർബന്ധമാണെന്നിരിക്കെ മറ്റ് സംഘടനകളുടെ താത്പര്യത്തിന് വഴങ്ങി സമയ പരിഷ്കരണം നടപ്പിലാക്കാതിരിക്കാൻ ശ്രമിക്കുന്നത് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടാണ്”. ഈശ്വരപ്രസാദ് പറഞ്ഞു.
“വൈകുന്നേരം ക്ലാസ്സ് സമയം കൂട്ടുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാണ്. വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികൾക്ക് കായികവും മൂല്യവത്തായ വിവിധ പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള സാഹചര്യം ഉണ്ടാകണം” . ആദ്ദേഹം ആവശ്യപ്പെട്ടു
“വിദ്യാർത്ഥികൾക്ക് ഗുണമുണ്ടാകുന്ന പിഎം ശ്രീ പദ്ധതി ഉൾപ്പെടുയുള്ള കാര്യങ്ങളിൽ സർക്കാർ മുഖം തിരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസമേഖലയിലെ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കണം. ആയതിനാൽ സർക്കാർ നിയമമനുസരിച്ചുള്ള സമയക്രമം നടപ്പിലാക്കണം. UP യും ഹൈസ്കൂളും ഒരുമിച്ചുള്ള സ്കൂളുകളുടെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.
കഴിഞ്ഞ വർഷങ്ങളിൽ സമയക്രമത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിച്ചതാണ്. ആ സമയത്തും ഇത്തരത്തിൽ സർക്കാർ സമസ്തക്ക് വഴങ്ങുകയാണ് ചെയ്തത്. സ്കൂൾ സമയക്രമീകരണം സമസ്തയുടെ ഭീഷണിക്കനുസരിച്ച് മാറ്റുന്നത് LDF ന്റെ പ്രീണന രാഷ്‌ട്രീയമാണ്. സർക്കാർ മതസംഘടനകൾക്ക് കീഴടങ്ങുന്നത് കേരളസമൂഹത്തിന് അംഗീകരിക്കാനാകില്ല”. എബിവിപി സംസ്ഥാന സെക്രട്ടറി ഈയു ഈശ്വരപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു.