തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളെ കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ‘എന്റെ ജില്ല’ മൊബൈൽ ആപ്പിൽ ഇനി കെ.എസ്.ഇ.ബിയെ വിലയിരുത്താം.എല്ലാ കെ.എസ്.ഇ.ബി. കാര്യാലയങ്ങളുടെയും ഫോൺ നമ്പരുകൾ ഇപ്പോൾ ഈ മൊബൈൽ ആപ്പിൽ ലഭ്യമാണ്. ഇതിലൂടെ വിവിധ കാര്യാലയങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയും. ഒപ്പം കാര്യാലയങ്ങളിൽ നിന്നുള്ള സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്താനും സ്റ്റാർ റേറ്റിംഗ് നൽകാനും കഴിയും. എല്ലാ വിലയിരുത്തലുകളും മൊബൈൽ ആപ്പിൽ പൊതുജനങ്ങൾക്ക് കാണാവുന്നതാണ്.
വിലയിരുത്തലുകൾ ജില്ലാ-സംസ്ഥാനതലങ്ങളിലുള്ള കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതായിരിക്കും. വിലയിരുത്തൽ രേഖപ്പെടുത്തുന്നവരുടെ വ്യക്തിവിവരങ്ങൾ സ്വകാര്യമായിരിക്കും. വിലയിരുത്തലിന്മേലുള്ള തുടർനടപടികൾ അനായാസമാക്കുന്നതിനായി താത്പര്യമുണ്ടെങ്കിൽ ഫോൺ നമ്പർ നല്കാനും അവസരമുണ്ട്.
ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ‘എന്റെ ജില്ല’ ലഭ്യമാണ്. പൊതുജനങ്ങൾ കെ.എസ്.ഇ.ബി. കാര്യാലയങ്ങളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെ സത്യസന്ധമായി വിലയിരുത്തണമെന്നും അത് പ്രവർത്തനങ്ങളുടെ ഗുണമേന്മ മനസിലാക്കാനും തുടർപ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സഹായകമാകുമെന്നും കെ എസ് ഇ ബി അറിയിച്ചു.















