ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ സുരക്ഷാ പരിശോധന വർദ്ധിപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിലിയേഷൻ ഉത്തരവ്. 265 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജൂൺ 15 മുതൽ മികച്ച സുരക്ഷാ പരിശോധന നടത്തുമെന്ന് ഡിജിസിഎ അറിയിച്ചു.
ഇന്ധന പാരാമീറ്റർ നിരീക്ഷണവും മറ്റ് സിസ്റ്റം പരിശോധനയും നടക്കും. ക്യാബിൻ എയർ കംപ്രസറിന്റെയും മറ്റ് സംവിധാനങ്ങളുടെയും പരിശോധന, ഇലക്ട്രോണിക് എഞ്ചിൻ സംവിധാനങ്ങളുടെ പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പരിശോധന തുടങ്ങിയവ പുതിയ ഉത്തരവ് പ്രകാരം നടക്കും.
പരിശോധന നടത്തിയ റിപ്പോർട്ട് ഡിജിസിഎയ്‌ക്ക് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളിൽ ആവർത്തിച്ചുള്ള തകരാറുകൾ എത്രയും വേഗം പരിശോധിക്കണമെന്നും നിർദേശമുണ്ട്.