ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെയും ഡോളര്‍ ദുര്‍ബലമായതിന്റെയും പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റി നിക്ഷേപകര്‍. വെള്ളിയാഴ്ച കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എംസിഎക്‌സിലെ ഗോള്‍ഡ് ഓഗസ്റ്റ് ഫ്യൂച്ചര്‍ വില 2,011 രൂപ അഥവാ 2.04% ഉയര്‍ന്ന് 10 ഗ്രാമിന് 1,00,403 രൂപയിലെത്തി. അന്താരാഷ്‌ട്ര സ്വര്‍ണ്ണ വില ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ കവിഞ്ഞു.
കേരളത്തില്‍ ഗ്രാമിന് 195 രൂപ കൂടി
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 195 രൂപ ഉയര്‍ന്ന് 9295 രൂപയിലെത്തി. പവന് 1560 രൂപ ഉയര്‍ന്ന് 74360 രൂപയായി. മൂന്നു ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 350 രൂപ വര്‍ധിച്ചു. പവന് വര്‍ധിച്ചത് 2800 രൂപ.
ഓഹരി വിപണിയില്‍ ഇടിവ്
ഇറാന്റെ മേല്‍ ഇസ്രയേല്‍ വന്‍ ആക്രമണം നടത്തിയതോടെയാണ് സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ആളുകള്‍ നിക്ഷേപം വര്‍ധിപ്പിച്ചത്. ഏഷ്യന്‍ ഓഹരി വിപണികളും ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഇടിഞ്ഞു. ഇന്ത്യയില്‍ ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാര തുടക്കത്തില്‍ വന്‍തോതില്‍ ഇടിഞ്ഞെങ്കിലും പിന്നീട് അല്‍പ്പം തിരിച്ചുകയറി. സെന്‍സെക്‌സ് 573.38 പോയന്റ് നഷ്ടപ്പെടുത്തി 81,118.60 ലും നിഫ്റ്റി50, 169.60 രൂപ ഇടിഞ്ഞ് 24,718.60 ലും വ്യാപാരം അവസാനിപ്പിച്ചു.
എയര്‍ ഇന്ത്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനക്കമ്പനികളുടെ ഓഹരികള്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിഞ്ഞു. സ്‌പൈസ്‌ജെറ്റ് ഓഹരികള്‍ 1.95% ഇടിഞ്ഞ് 43.81 രൂപയിലെത്തി. ഇന്‍ഡിഗോ ഓഹരികള്‍ 3.68% ഇടിഞ്ഞ് 5275 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.















