ജപ്പാനിൽ ബുദ്ധ സന്യാസിയെ കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് വളർത്തുനായ. ജാപ്പനീസ് ബുദ്ധ സന്യാസിയായ ടൗജെൻ യോഷിഹാരയ്‌ക്കാണ് തെരുവിൽ നിന്ന് എടുത്തുവളർത്തിയ നായ രക്ഷകനായത്. ഉച്ചത്തിൽ കുരയ്‌ക്കുന്നുവെന്ന കാരണത്താലാണ് നായയെ ഉടമകൾ തെരുവിൽ ഉപേക്ഷിച്ചത്. എന്നാൽ തനിക്കു പുതുജന്മം നൽകിയ സന്യാസിക്ക് ആപത്തുവന്നപ്പോൾ സ്വന്തം ജീവൻ പണയപ്പെടുത്തി അദ്ദേഹത്തെ രക്ഷിച്ചിരിക്കുകയാണ് ബീഗിൾ ചീക്കോ എന്ന നായക്കുട്ടി.
മധ്യ ജപ്പാനിലെ നിഗറ്റയിലുള്ള യൂക്കോകു ക്ഷേത്രത്തിന്റെ മഠാധിപതിയായ യോഷിഹാര കഴിഞ്ഞ മാസം സമീപത്തുള്ള കാട്ടിലൂടെ നടക്കാൻ പോയപ്പോഴാണ് അപ്രതീക്ഷിതമായി കരടിയുടെ ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സന്യാസിയുടെ വലതുതോളിന് സ്ഥാനഭ്രംശം സംഭവിച്ചു. 1.6 മീറ്റർ ഉയരമുള്ള ഭീമൻ കരടിക്ക് മുന്നിൽ വീണ യോഷിഹാര മരണത്തെ മുഖാമുഖം കണ്ടു.
എന്നാൽ സന്യാസിക്കൊപ്പമുണ്ടായിരുന്ന ബീഗിൾ ചീക്കോ തന്റെ യജമാനനെ മരണത്തിന് വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. അസാധാരണ ധൈര്യം പ്രകടിപ്പിച്ച അവൻ കരടിക്കുനേരെ ശക്തമായി കുരച്ചു. ഇത്കണ്ട് ഭയന്നോടിയ കരടിക്ക് പിന്നാലെ അവനും ഓടി. ഏറെനേരമായിട്ടും തന്റെ നായ തിരിച്ചുവരാതായതോടെ സന്യാസി കാടിനുള്ളിലേക്ക് തിരഞ്ഞിറങ്ങി. അതിനിടയിൽ യോഷിഹാരയെ വിളിച്ച ഭാര്യ നായ വീട്ടിൽ മടങ്ങിയെത്തിയെന്ന് അറിയിച്ചു. ഇതോടെ തിരച്ചിൽ അവസാനിപ്പിച്ച് സന്യാസിയും വീട്ടിലേക്ക് പോവുകയായിരുന്നു.