29 വർഷങ്ങൾക്ക് ശേഷം അവരൊരു ഐസിസി കിരീടത്തിനരികിലാണ്. പക്ഷേ ലോർഡ്സിൽ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ ദക്ഷിണാഫ്രിക്കയുടെ കിരീടമെന്ന സ്വപ്നത്തിന് മേൽ പേമാരിയായി പെയ്തിറങ്ങരുതേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഇനിയും ഒരു ഹൃദയവേദന അവർക്ക് താങ്ങാനായെന്ന് വരില്ല. ഫൈനലിൽ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം അവസാനിപ്പിക്കുമ്പോൾ ശക്തമായ നിലയിലാണ്. ഇനി പ്രോട്ടീസിനും ഐസിസി കിരീടത്തിനും ഇടയിലുള്ള ദൂരം 69 റൺസാണ്.
മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. പ്രതിസന്ധികൾ വരുമ്പോഴാണ് യഥാർത്ഥ നായകന്മാർ പിറക്കുന്നതെന്ന് പറയാറുണ്ട്. അങ്ങനെ രണ്ടുപേരാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ഇന്നലെ നായക പരിവേഷമണിഞ്ഞത്. എയ്ഡൻ മാർക്രം(102*) സെഞ്ച്വറിയുമായി ഓസ്ട്രേലിയയുടെ ആത്മവീര്യം കെടുത്തിയപ്പോൾ ബാവുമ(65*) അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്റെ ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നു. 143 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. സ്റ്റാർക്കും സംഘവും ഉയർത്തിയ ഭീഷണി ഇരുവരും ക്ഷമയോടെ നേരിട്ട്, മറുപടി നൽകുകയായിരുന്നു.
അതേസമയം ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്ന യഥാർത്ഥ വെല്ലുവിളി മഴയാണ്. ഇന്ന് ആദ്യ സെഷനിൽ 55 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ട്. ആകാശം മേഘാവൃതവും മണിക്കൂറിൽ 48 കിലോ മീറ്റർ വേഗത്തിൽ വീശുന്ന കാറ്റും കാലാവസ്ഥ കേന്ദ്രങ്ങൾ പ്രവചിക്കുന്നു. എന്നാൽ ഇതൊക്കെ ദക്ഷിണാഫ്രിക്കയുടെ വിജയം വൈകിപ്പിക്കുക മാത്രമേ ചെയ്യൂയെന്നാണ് ആരാധരുടെ വിശ്വാസം. 16-ാം തീയതി റിസർവ് ഡേ അനുവദിച്ചിച്ചിട്ടുണ്ട്. രസം കൊല്ലിയായി മഴയെത്തി മത്സരം ഇടയ്‌ക്കൊന്ന് മുടക്കിയാലും അത് ദക്ഷിണാഫ്രിക്കയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തെ ഒഴുക്കി കളയാൻ പോന്നതാകില്ലെന്നാണ് അരാധകരുടെ പ്രതീക്ഷ.















