ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ജൂൺ 19 ന് വിക്ഷേപിക്കും. ജൂൺ 11 നായിരുന്നു ആക്‌സിയോം-4-ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ റോക്കറ്റിലെ ദ്രാവക ഓക്സിജൻ ചോർച്ച മൂലം ദൗത്യം മാറ്റിവയ്‌ക്കുകയായിരുന്നു.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഐഎസ്ആർഒ, ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവരുടെ സംയുക്തമായാണ് വിക്ഷേപണ തീയതി തീരുമാനിച്ചത്. ഫാൽക്കൺ 9 റോക്കറ്റിലെ ദ്രാവക ഓക്സിജൻ ചോർച്ച ആക്സിയം സ്പേസ് കമ്പനി വിജയകരമായി പരിഹരിച്ചതായി ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണത്തിന് മുന്നോടിയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിലെ മർദ്ദത്തിലെ അപാകത പരിഹരിക്കാനാനുള്ള ശ്രമത്തിലാണ് ആക്സിയം സ്പേസും നാസയും. മേയ് 29 ന് വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് സാങ്കേതിക കാരണങ്ങളാൽ തീയതി പല തവണ മാറ്റേണ്ടിവന്നു.
ശുഭാൻഷു ശുക്ല അടക്കം നാലുപേരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിക്കുന്ന ദൗത്യമാണ് ആക്സിയോം-4. രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷം ശുഭാൻഷുവും സംഘം തിരിച്ചെത്തും. ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാൻഷു ശുക്ല. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്തേക്ക് പോകുന്നത്. യുഎസിലെ പെഗ്ഗി വിറ്റ്സൻ, പോളണ്ടിലെ സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയിലെ ടിബോർ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.